തമിഴ്‌നാട്ടിൽ മദ്യക്കുപ്പി തിരിച്ചെടുക്കാൻ യന്ത്രം വരുന്നു; ആദ്യഘട്ടം 4000 ടാസ്മാക് മദ്യവിൽപ്പന ശാലകളോടു ചേർന്ന്

ചെന്നൈ: ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ ടാസ്മാക് വിൽപ്പനശാലകളോടുചേർന്ന് റിവേഴ്‌സ് വെൻഡിങ് മെഷീൻ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇതു നടപ്പാക്കാൻ കോടതി മൂന്നുമാസം സമയം അനുവദിച്ചു.
ഒഴിഞ്ഞ മദ്യക്കുപ്പികൾ പത്തുരൂപനൽകി തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്‌നാട് സർക്കാർ തുടങ്ങിയിട്ടുണ്ട്. ഇതിനായി മദ്യം വാങ്ങുമ്പോൾ കുപ്പിക്ക് പത്തുരൂപ അധികം ഈടാക്കുന്നുമുണ്ട്. എന്നാൽ, ജീവനക്കാരുടെ കുറവും സ്ഥലസൗകര്യത്തിന്റെ അഭാവവും കാരണം ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യന്ത്രവത്കരണം നടപ്പാക്കുന്നത്.
മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള യന്ത്രസംവിധാനം സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ഇതു സംബന്ധിച്ച ഹർജിയുടെ വാദത്തിനിടെ ടാസ്മാക് അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ 4000 ടാസ്മാക് മദ്യവിൽപ്പന ശാലകളോടു ചേർന്നാണ് റിവേഴ്‌സ് വെൻഡിങ് മെഷീൻ സ്ഥാപിക്കുക.
പിന്നീട് മറ്റിടങ്ങളിലും വെക്കും. പദ്ധതി നടപ്പാക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം ചെലവിലാണ് യന്ത്രങ്ങൾ സ്ഥാപിക്കേണ്ടത്. സ്ഥലവാടകയും അവർ നൽകണം. കുപ്പി തിരിച്ചെത്തിക്കുന്നവർക്ക് കൊടുക്കേണ്ട പത്തുരൂപ സർക്കാർ നൽകും. കാലിക്കുപ്പി വിറ്റുകിട്ടുന്ന പണമാവും നടത്തിപ്പുകാരുടെ വരുമാനം.
മദ്യക്കുപ്പികളിൻമേൽ പരിസ്ഥിതി, സാമൂഹികനീതി സെസ് ആയി 20 രൂപ ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കുപ്പി തിരിച്ചെത്തിക്കുന്നവർക്കു നൽകുന്നതിനായി 10 രൂപ ഈടാക്കുന്നുണ്ട്. കുപ്പികൾ മുഴുവൻ തിരിച്ചെത്താത്തതുകാരണം ഈയിനത്തിൽ 51.82 കോടി രൂപ ടാസ്മാക്കിന്റെ കൈവശമുണ്ട്. ഇതുവരെ കാലിക്കുപ്പി വിറ്റുകിട്ടിയത് 148.40 കോടി രൂപയാണ്.
Content Highlights: Tamil Nadu government plans to install reverse vending machines at TASMAC outlets to efficiently collect empty liquor bottles, with the Madras High Court granting three months for implementation. The initiative involves a refund scheme where customers pay an extra 10 rupees per bottle, which is refunded upon return; however, challenges like staff shortages and space constraints have hindered its success, prompting automation.