തമിഴ്‌നാട് സർക്കാരിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 22.10 കോടി അപഹരിച്ചു; വിജയ് ഭരണകൂടത്തിനെതിരെ ബി.ജെ.പി

#ന്യൂസ് ഡെസ്ക്
വിജയ് | Photo: PTI
വിജയ് | Photo: PTI

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 22.10 കോടി രൂപ സൈബർ തട്ടിപ്പിലൂടെ അപഹരിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കും ടി.വി.കെ. ഭരണകൂടത്തിനുമെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. ജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം ആരോപിച്ചു.

തമിഴ്‌നാട്ടിലെ ജനങ്ങൾ മറുപടി ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രി വിജയ് എവിടെയാണെന്ന് വിനോജ് പി. സെൽവം ചോദിച്ചു. ഗ്രാമവികസനം, അവശ്യ സേവനങ്ങൾ, പൊതുജനക്ഷേമം എന്നിവയ്ക്കായി സാധാരണക്കാർ സർക്കാരിനെ ഏൽപ്പിച്ച തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെയും സുരക്ഷാ പരിശോധനകളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ബി.ജെ.പി. വിമർശിച്ചു.

"ലോകത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു ഐടി വിഭാഗമുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ അസാധാരണമായ ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഒരു നടന്റെ ഫാൻ ക്ലബ്ബും അവരുടെ സോഷ്യൽ മീഡിയ ഫാൻസും ചേർന്ന്, ഹാഷ്‌ടാഗുകൾ ട്രെൻഡ് ചെയ്യുന്നതിൽ നിന്ന് മാറി, ഒരു സംസ്ഥാന സർക്കാരിനെത്തന്നെ നയിക്കുന്ന അവസ്ഥയിലേക്ക് എത്തി! നിർഭാഗ്യവശാൽ, ഹാഷ്‌ടാഗുകൾ കൈകാര്യം ചെയ്യുന്നതും ഒരു സംസ്ഥാനം ഭരിക്കുന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്." - വിനോജ് പരിഹസിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന് കീഴിൽ ഗ്രാമവികസന വകുപ്പിന് അനുവദിച്ച തുകയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവെച്ച തുകയാണിത്. പ്രാഥമിക അന്വേഷണത്തിൽ, ഒരു സ്വകാര്യ ബാങ്കുമായി സഹകരിച്ച് വികസിപ്പിച്ച പ്രത്യേക പോർട്ടലിൽ സൈബർ കുറ്റവാളികൾ നുഴഞ്ഞുകയറിയതായും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി പണം തട്ടിയെടുത്തതായും കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തട്ടിപ്പുകാർ എങ്ങനെയാണ് പോർട്ടലിലേക്ക് പ്രവേശനം നേടിയതെന്നും ഇതിൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോ അതോ സർക്കാർ ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ചോർന്നതാണോ എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. തട്ടിപ്പിന് പിന്നിൽ നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സിൻഡിക്കേറ്റിന് പങ്കുണ്ടെന്നാണ് പോലീസ് പ്രാഥമികമായി സംശയിക്കുന്നത്.