അൻപോടെ വിജയ്; പൂർണഗർഭിണിക്ക് വേദിയിൽനിന്ന് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി തമിഴ്നാട് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
സി. ജോസഫ് വിജയ് അക്ഷയലക്ഷ്മിക്കൊപ്പം | Image credit: @georgeviews X
സി. ജോസഫ് വിജയ് അക്ഷയലക്ഷ്മിക്കൊപ്പം | Image credit: @georgeviews X

ചെന്നൈ: പൂർണഗർഭിണിയായ യുവതിക്ക് വേദിയിൽ നിന്ന് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്‌നാട് സർക്കാർ വിവിധ തസ്തികകളിലേക്ക് 401 പേരെ നിയമിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ നടപടി. അക്ഷയലക്ഷ്മി എന്ന സ്ത്രീക്കാണ് വിജയ് സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നൽകിയത്.

തമിഴ്‌നാട് സർക്കാരിന്റെ വിവിധ തസ്തികകളിലേക്കുള്ള 401 പേർക്കാണ് ഇന്ന് നിയമന ഉത്തരവ് കൈമാറിയത്. വേദിയിലെത്തി ഉത്തരവ് കൈപ്പറ്റുന്നതിനായി അക്ഷയലക്ഷ്മിയുടെ പേര് വിളിച്ചപ്പോഴാണ് അവർ ഗർഭിണിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കിയത്. ഉടൻതന്നെ, അവരെ വേദിയിലേക്ക് വിളിക്കേണ്ടെന്നും താൻ അവരുടെ അടുത്തേക്ക് പൊയ്‌ക്കൊള്ളാമെന്നും വിജയ് തീരുമാനിക്കുകയായിരുന്നു.

പിന്നാലെ അദ്ദേഹം വേദിയിൽ നിന്നിറങ്ങി അക്ഷയലക്ഷ്മിയുടെ അടുത്തെത്തി, നിയമന ഉത്തരവ് കൈമാറി. അക്ഷയ്‌ലക്ഷ്മി അദ്ദേഹത്തോട് നന്ദി പറയുന്നതും അദ്ദേഹം അവരോട് സന്തോഷത്തോടെ വിവരങ്ങൾ ചോദിച്ചറിയുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. 

മറ്റുള്ള രാഷ്ട്രീയ പ്രവർത്തകർ വിജയ്‌യെ കണ്ടുപഠിക്കണമെന്നും ഇദ്ദേഹമാണ് ശരിക്കും ജനനായകൻ എന്നുമൊക്കെ നീളുന്നു കമന്റുകൾ. ഇനി വരുന്ന തലമുറയ്ക്കും, അവരുടെ സുരക്ഷയ്ക്കും വേണ്ടി ഈ സർക്കാർ കൂടെയുണ്ടാകും എന്ന ഉറപ്പാണ് വിജയ്‌യുടെ പ്രവർത്തി തെളിയിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്ന നടപടിയാണ് വിജയ്‌യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഏതായാലും മുഖ്യമന്ത്രി വിജയ്‌യുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ മാനുഷിക പരിഗണനയ്ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്. 

Content Highlights: Tamil Nadu CM Joseph Vijay personally delivered an appointment order to a pregnant woman. The event involved the distribution of appointment orders to 401 government recruits. The gesture is being widely praised on social media as a display of empathy and leadership. Political analysts view this as a significant step in connecting with the public.