പതിമൂന്ന് വർഷത്തിന് ശേഷം ഓട്ടോറിക്ഷാ നിരക്ക് പരിഷ്ക്കരിച്ച് തമിഴ്നാട് സർക്കാർ; കുറഞ്ഞ നിരക്ക് 50 രൂപ

ചെന്നൈ: പതിമൂന്ന് വർഷത്തിനുശേഷം ആദ്യമായി ഓട്ടോറിക്ഷാ നിരക്ക് പരിഷ്ക്കരിച്ച് തമിഴ്നാട് സർക്കാർ. പുതുക്കിയ നിരക്കുകൾ വ്യക്തമാക്കുന്ന വിജ്ഞാപനം തമിഴ്നാട് സർക്കാർ ചൊവ്വാഴ്ച്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 1988- ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 67 പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഒക്ടോബർ 27-ന് ആഭ്യന്തര വകുപ്പ് (ഗതാഗതം-I) പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ആദ്യത്തെ 1.8 കിലോമീറ്ററിന് കുറഞ്ഞ നിരക്ക് 50 രൂപയും അതിനുശേഷം വരുന്ന ഓരോ കിലോമീറ്ററിനും അധികമായി 25 രൂപ വീതവും ഈടാക്കും. മാറ്റംവരുത്തിയ നിരക്കുകൾ പ്രകാരം രാത്രി പത്തുമണി മുതൽ പുലർച്ചെ അഞ്ചുമണി വരെയുള്ള സമയങ്ങളിൽ സാധാരണ നിരക്കിന്റെ 1.5 മടങ്ങായിരിക്കും യാത്രാക്കൂലി. കൂടാതെ, മിനിറ്റിന് ഒരുരൂപ നിരക്കിൽ വെയിറ്റിങ് ചാർജും ഏർപ്പെടുത്തിയിട്ടുണ്ട്.
2013 ഓഗസ്റ്റ് 25 മുതൽ ഓട്ടോറിക്ഷാ നിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. പഴയ ഉത്തരവനുസരിച്ച്, ഒരു കിലോമീറ്ററിന് 12 രൂപ, ആദ്യത്തെ 1.8 കിലോമീറ്ററിന് കുറഞ്ഞ നിരക്കായി 25 രൂപ, വെയിറ്റിങ് ചാർജ് (ഓരോ അഞ്ചു മിനിറ്റിനും) 3.50 രൂപ, കൂടാതെ രാത്രി 11.00 മുതൽ പുലർച്ചെ 5.00 വരെയുള്ള സമയങ്ങളിൽ മുകളിൽ പറഞ്ഞ നിരക്കുകൾ പ്രകാരം കണക്കാക്കുന്ന ആകെ തുകയുടെ 50% അധികം തുക എന്നിങ്ങനെയായിരുന്നു യാത്രാക്കൂലി നിശ്ചയിച്ചിരുന്നത്.
എന്നാൽ, സമീപ കാലയളവിൽ ഓട്ടോറിക്ഷയുമായി ബന്ധപ്പട്ട ചെലവുകളിൽ വലിയ വർധനവുണ്ടായത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ നിരക്കുകൾ പരിഷ്ക്കരിച്ചത്. ചെന്നൈ മെട്രോ പൊളിറ്റൻ മേഖലയിലും മറ്റ് പ്രദേശങ്ങളിലും സർവ്വീസ് നടത്തുന്ന കോൺട്രാക്റ്റ് ക്യാരേജ് ഓട്ടോറിക്ഷകളിലെ യാത്രകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാക്കാൻ സംസ്ഥാന ഗതാഗത അതോറിറ്റിക്കും ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്കും നിർദ്ദേശം നൽകുന്നതാണ് ഉത്തരവ്.
Content Highlights: First auto fare revision in Tamil Nadu after 13 years, Minimum fare set at Rs 50 for the first 1.8 kilometers, Additional charge of Rs 25 for every subsequent kilometer, Night charges 1.5 times the normal fare between 10 PM and 5 AM, Waiting charge introduced at Rs 1 per minute