ലോക്‌സഭാ സീറ്റുകൾ 543-ൽ നിലനിർത്തണം; വനിതാ സംവരണം ഔദാര്യമല്ല നടപ്പാക്കണം-പ്രമേയവുമായി വിജയ്‌

#ന്യൂസ് ഡെസ്ക്
സി. ജോസഫ് വിജയ് | ഫോട്ടോ - പി.ടി.ഐ.
സി. ജോസഫ് വിജയ് | ഫോട്ടോ - പി.ടി.ഐ.

ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ തന്നെ നിലനിർത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോടാവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സ്വാധീനം കുറയാൻ മണ്ഡലപുനർനിർണയം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പ്രധാന ആവശ്യങ്ങളാണ് തമിഴ്‌നാട് സർക്കാർ പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ഒന്നാമതായി, ലോക്‌സഭാ അംഗങ്ങളുടെ ആകെ എണ്ണം 543-ൽ തന്നെ ശാശ്വതമായി നിലനിർത്തണം. രണ്ടാമതായി, സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം നിലവിലെ അനുപാതത്തിൽ തന്നെ തുടരണം. മൂന്നാമതായി, ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള 2.2:1 എന്ന നിലവിലെ അനുപാതം നിലനിർത്തണം. നാലാമതായി, 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ നിലവിലുള്ള 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കായി 33 ശതമാനം സംവരണം നടപ്പിലാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

വനിതാ സംവരണം എന്നത് ആരുടെയും ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ സംവരണം നടപ്പിലാക്കുന്നതിൽ ഇനിയൊരു താമസം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം തങ്ങളുടെ പാർട്ടിയുടെ നിലപാടിനോട് ചേർന്നുനിൽക്കുന്നതാണെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. മുൻകാലങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് തമിഴ്‌നാടിന് 39 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞതെന്ന് ഇളങ്കോവൻ പറഞ്ഞു.

Content Highlights: Tamil Nadu Chief Minister Vijay moved a resolution against the central government's delimitation process., Demanded that the total number of Lok Sabha seats remain permanently at 543., Highlighted that delimitation penalizes southern states that successfully implemented population control., Called for the implementation of 33 percent women's reservation in the 2029 Lok Sabha elections.