അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ താജ്മഹൽ സന്ദർശനം അവസാനനിമിഷം റദ്ദാക്കി; നിർദേശമെത്തിയത് ഡൽഹിയിൽ നിന്ന്

ന്യൂഡല്‍ഹി:അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി. അവസാനനിമിഷമാണ് സന്ദര്‍ശനം റദ്ദാക്കിയതായുള്ള അറിയിപ്പെത്തിയത്. അതേസമയം സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഇതുസംബന്ധിച്ച നിര്‍ദേശം ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സോനം കുമാര്‍ പറഞ്ഞു. അതേസമയം കാരണം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. താജ്മഹലിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി താലിബാന്‍ മന്ത്രി എത്തിയത്.
കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്ത്യ-അഫ്ഗാൻ നയതന്ത്ര ബന്ധം ശക്തമാക്കാൻ ഇരു വിദേശകാര്യമന്ത്രിമാരും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. അഫ്ഗാന്റെ മണ്ണ് ഇന്ത്യക്കെതിരേ ഉപയോഗിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ഇന്ത്യ-അഫ്ഗാനിസ്താൻ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രവർത്തനം നിർത്തിയ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്നും മുത്തഖി പറഞ്ഞിരുന്നു. കാബൂളിലെ ടെക്‌നിക്കൽ മിഷൻ, എംബസിയായി ഉയർത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കി.
അതേസമയം മുത്തഖിയുടെ ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് യാതൊരു പങ്കുമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത് മുംബൈയിലെ അഫ്ഗാനിസ്താന്റെ കോണ്‍സുല്‍ ജനറലാണെന്നും വാര്‍ത്താസമ്മേളനം നടന്ന അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
Content Highlights: taliban ministers taj mahal visit called off