തബ്‌ലീഗ് സമ്മേളനം: വിദേശികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ല

ന്യൂഡല്‍ഹി: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 956 വിദേശപൗരന്മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ല പോലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശപൗരന്മാര്‍ക്കെതിരായ കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയം വകുപ്പ് 304(മനഃപൂര്‍വമല്ലാത്ത നരഹത്യ), 336(മറ്റുള്ളവരുടെ ജീവനോ, വ്യക്തിസുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി) 120 ബി(ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ചുമത്താനാവശ്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സതീഷ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മോഹിന കൗറിനെ അറിയിച്ചു.
എന്നാല്‍ ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 270(ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനം), 1946 ലെ വിദേശനിയമം എന്നിവ ചുമത്തും. വിദേശനിയമപ്രകാരം വിസാ നിയമങ്ങള്‍ ലംഘിക്കുന്നതിന് അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് പരാമവധി ശിക്ഷ ലഭിക്കുക.
വിദേശികള്‍ക്കെതിരെ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളും ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ട്. വിദേശികള്‍ക്കെതിരെ അന്വേഷണമൊന്നും ബാക്കിയില്ലെന്നും സതീഷ് കോടതിയില്‍ വ്യക്തമാക്കി. ജൂലൈ 7 മുതല്‍ ജൂലൈ 16 വരെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights:Tablighi Event: Foreigners won't be charged with culpable homicide
Content Highlights: