'സ്റ്റാർലിങ്കിന് അനുമതി നൽകരുത്'; ഇലോൺ മസ്കിനെതിരെ പ്രതിഷേധവുമായി RSS അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്ന് ആർഎസ്എസ്സിന്റെ അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം). രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച നിവേദനം എസ്ജെഎം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. ന്യൂഡൽഹിയിലെ തീൻ മൂർത്തി ചൗക്കിൽ മസ്കിനും സ്റ്റാർലിങ്കിനുമെതിരെ പ്രതിഷേധം നടത്തിയ ശേഷമാണ് സംഘടന നിവേദനം നൽകിയത്.
ഉപഗ്രഹങ്ങൾക്കിടയിൽ ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്ന സ്റ്റാർലിങ്കിന്റെ സംവിധാനത്തിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് എസ്.ജെ.എമ്മിന്റെ വാദം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വിവരങ്ങൾ ആഭ്യന്തര ഗേറ്റ്വേകളെ മറികടന്ന് വിദേശ നെറ്റ്വർക്കുകളിലൂടെ കടന്നുപോകാൻ ഇത് ഇടയാക്കുമെന്നാണ് ആശങ്ക. ഇത്തരമൊരു സാഹചര്യം വിവരങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും പ്രയാസകരമാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നിർദേശപ്രകാരം കൃത്യമായി സേവനങ്ങൾ നിയന്ത്രിക്കാൻ സ്റ്റാർലിങ്കിന് കഴിയണമെന്നത് പ്രധാന വ്യവസ്ഥയാണെന്ന് എസ്ജെഎം ദേശീയ സഹ കൺവീനർ അശ്വനി മഹാജൻ നിവേദനത്തിൽ പറഞ്ഞു. എന്നാൽ ഈ വ്യവസ്ഥ പാലിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടില്ലെന്നും സാങ്കേതികവിദ്യ തന്നെ അതിന് തടസ്സമായേക്കാമെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം മസ്ക് ഇന്ത്യൻ കമ്പനികൾക്കും സർക്കാരിനുമെതിരെ പരോക്ഷ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. സർക്കാരിനുമേൽ സമ്മർദം ചെലുത്തി ലൈസൻസ് നേടാനാണ് മസ്ക് ശ്രമിക്കുന്നതെന്നും മഹാജൻ ആരോപിച്ചു.
നിലവിൽ ഇന്ത്യ വിവിധ ക്രമസമാധാന പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭ്യൂഹങ്ങളും രാജ്യവിരുദ്ധ പ്രചാരണങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും എസ്ജെഎം ചൂണ്ടിക്കാട്ടി. വിഘടനവാദം, ഭീകരവാദം, കലാപങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ ചില മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ തടയേണ്ടിവരാറുണ്ട്. പരമ്പരാഗത ടെലികോം ശൃംഖലകൾക്ക് പുറത്തുനിന്ന് ആശയവിനിമയം നടത്താൻ ഉപഗ്രഹ ഇന്റർനെറ്റ് ഉപയോഗിക്കപ്പെടുന്നത് സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയാകാമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ശത്രുതാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, കള്ളക്കടത്തുകാർ, തീവ്രവാദ സംഘടനകൾ എന്നിവ ഇത്തരം സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നിവേദനത്തിൽ പറയുന്നു.
ഇന്ത്യയിലെ നിലവിലുള്ള മൊബൈൽ, ബ്രോഡ്ബാൻഡ് ശൃംഖലകൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നുണ്ടെന്നും ആവശ്യമുള്ളപ്പോൾ പ്രത്യേക മേഖലകളിൽ സേവനങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നും എസ്ജെഎം വ്യക്തമാക്കി. ആഭ്യന്തര ടെലികോം കമ്പനികൾ സുരക്ഷാ ഏജൻസികളോടും അന്വേഷണ ഏജൻസികളോടും സഹകരിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. യുക്രൈൻ, ഇറാൻ, റഷ്യ, ചൈന, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തപക്ഷം കമ്പനിക്ക് അനുമതി നിഷേധിക്കണമെന്നും സംഘടന വ്യക്തമാക്കി.
സ്റ്റാർലിങ്കിന് അനുമതി നിഷേധിക്കുന്നത് ഇന്ത്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് സേവന വികസനത്തിന് തടസ്സമാകില്ലെന്നും എസ്ജെഎം അവകാശപ്പെട്ടു. ആഭ്യന്തര സാങ്കേതികവിദ്യയുടെ വികസനത്തിന് പ്രോത്സാഹനം നൽകുന്നതിലൂടെ സ്റ്റാർലിങ്കിനേക്കാൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് മഹാജന്റെ വാദം. ബഹിരാകാശ സാങ്കേതികവിദ്യയിലും ഉപഗ്രഹ ആശയവിനിമയത്തിലും ഇന്ത്യ കൈവരിച്ച പുരോഗതിയും സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന സർക്കാർ നയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദൂര മേഖലകളിൽ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനൊപ്പം ദേശീയ സുരക്ഷ ഉറപ്പാക്കാനും തദ്ദേശീയ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് കഴിയുമെന്ന് സംഘടന പറഞ്ഞു.
ദേശീയ സുരക്ഷയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക ഉയർന്ന തീരുവ ചുമത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ സ്റ്റാർലിങ്കിന് അനുമതി നിഷേധിക്കുന്നത് ഇന്ത്യയുടെ അവകാശമാണെന്നും എസ്ജെഎം വാദിച്ചു. കരകൗശല ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഇറക്കുമതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സമാനമായി, ഇന്ത്യയ്ക്കും സ്വന്തം സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനമെടുക്കാമെന്ന് മഹാജൻ പറഞ്ഞു.
Content Highlights: RSS affiliate Swadeshi Jagaran Manch submitted a memorandum to PM Modi protesting against Elon Musk's Starlink, raising national security concerns over satellite internet operations bypassing domestic gateways.