ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

ന്യൂഡൽഹി: ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി (72) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. താൻ ക്യാൻസറുമായി മല്ലിടുകയാണെന്നും ഇത്തവണ ലോക്സഭാ മത്സരത്തിനില്ലെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗബാധയെത്തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിന്നിരുന്നു.
തന്റെ രാഷ്ട്രീയ കാലയളവിൽ സുശീൽ കുമാർ മോദി, എം.എൽ.എ., എം.എൽ.സി., രാജ്യസഭാ, ലോക്സഭാ എം.പി., തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990-ൽ പട്ന സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 2004-ലാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്, ഭഗൽപുരിൽ നിന്നാണ് അദ്ദേഹം ലോക്സഭയിൽ എത്തുന്നത്. എന്നാൽ, എം.എൽ.സിയായി തിരഞ്ഞെടുക്കപ്പെട്ട് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ വീണ്ടും തിരിച്ചു വന്നു. 2005 മുതൽ 2013 വരെയും 2017 - 2020 വരേയും രണ്ടുഘട്ടങ്ങളിലായി അദ്ദേഹം ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്നു.
Content Highlights: sushil kumar modi Ex Deputy Chief Minister of Bihar Dies At 72