സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി ധര്‍മരാജന് പരോളോ ജാമ്യമോ അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച്

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി ധര്‍മരാജന് പരോളോ ജാമ്യമോ അനുവദിക്കരുതെന്ന് ക്രൈം ബ്രാഞ്ച്. കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ ധര്‍മരാജന് പരോളിന് അര്‍ഹതയില്ല. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുപ്രീം കോടതിയെ അറിയിച്ചു.
ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡെപ്യുട്ടി സൂപ്രണ്ട് എസ് ഷെരീഫാണ് ധര്‍മരാജന് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കരുതെന്ന് രേഖാമൂലം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാന്ദന്‍ നായരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി രേഖാമൂലമുള്ള എതിര്‍പ്പ് കോടതിയെ അറിയിച്ചത്.
തിരുവനന്തപുരം പൂജപ്പുര ജയിലിലാണ് സൂര്യനെല്ലി കേസില്‍ ജീവപര്യന്തം ശിക്ഷക്കപ്പെട്ട ധര്‍മരാജനെനെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തനിക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നാണ് ധര്‍മരാജന്റെ ആവശ്യം.
അതേസമയം പൂജപ്പുര ജയിലില്‍ 701 തടവുകാരാണുള്ളത്. ജയിലില്‍ കോവിഡ് വ്യാപന സാഹചര്യം ഇല്ല. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഒരു കോവിഡ് കേസ് പോലും ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുപ്രീം കോടതിയെ അറിയിച്ചു. കൂട്ട ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ജയില്‍ ചട്ടങ്ങള്‍ പ്രകാരം പരോളിന് അര്‍ഹതയില്ലെന്നും ക്രൈം ബ്രാഞ്ച് സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ സമയത്ത് ജാമ്യത്തില്‍ ഇറങ്ങിയ ധര്‍മരാജന്‍ ഒളിവില്‍ പോയിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ധര്‍മരാജന്റെ ജാമ്യ അപേക്ഷ തള്ളണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പത്ത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞു. അതിനാല്‍ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നാണ് ധര്‍മരാജന്റെ ആവശ്യം.
content highlights: suryanelli case, should not granted parole or bail for main accused says crime branch
Content Highlights: