വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായവര്‍ക്ക് പ്രസവാവധി നിഷേധിക്കരുത്- രാജസ്ഥാന് ഹൈക്കോടതി

ജയ്പൂര്‍: വാടകഗര്‍ഭധാരണത്തിലൂടെയാണ് കുട്ടി ഉണ്ടായതെന്ന കാരണത്താല്‍ മാതാവിനു ലഭിക്കേണ്ട പ്രസവാവധിയില്‍ പക്ഷപാതം കാട്ടരുതെന്ന് രാജസ്ഥാന് ഹൈക്കോടതി. വാടകഗര്‍ഭധാരണത്തിലൂടെ കുട്ടി ജനിച്ചാലും പ്രസവാവധി നിഷേധിക്കരുതെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ജയ്പുര്‍ ബെഞ്ച് വ്യക്തമാക്കി.
'മാതൃത്വത്തിനുള്ള അവകാശവും പൂര്ണവികാസത്തിനുള്ള ഓരോ കുട്ടിയുടെ അവകാശവും ആര്‍ട്ടിക്കിള്‍ 21-ല്‍ ഉള്‍പ്പെടുന്നുണ്ട്. കുഞ്ഞിനെ ദത്തെടുത്ത അമ്മയ്ക്ക് സര്‍ക്കാര്‍ പ്രസവാവധി നല്‍കുകയും വാടകഗര്ഭധാരണംവഴി കുഞ്ഞുണ്ടായ അമ്മയ്ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ശരിയല്ല', കോടതി പറഞ്ഞു.
സാധാരണ രീതിയില്‍ അമ്മയായവര്‍, വാടകഗര്‍ഭധാരണം വഴി അമ്മയായവര്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് മാതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും വാടകഗര്‍ഭധാരണത്തിലൂടെ ഉണ്ടായ കുഞ്ഞിനെ മറ്റുള്ളവരുടെ കരുണയ്ക്കു വിട്ടുകൊടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ച യുവതി നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
Content Highlights: Surrogate mothers cannot be denied maternity leave- Rajasthan HC