പട്ടത്തിന്റ നൂലിൽതട്ടി അപകടം; 70 അടി താഴ്ചയിലേക്ക് വീണ് ദമ്പതിമാർക്കും മകൾക്കും ദാരുണാന്ത്യം

സൂറത്ത്: ഗുജറാത്തിൽ പട്ടത്തിന്റെ നൂലിൽ തട്ടിയതുമൂലം നിയന്ത്രണംവിട്ട ഇരുചക്ര വാഹനത്തിൽനിന്നു തെറിച്ച് 70 അടി ഉയരമുള്ള മേൽപ്പാലത്തിൽനിന്ന് താഴേക്കുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. സൂറത്ത് ജില്ലയിലെ ചന്ദ്രശേഖർ ആസാദ് മേൽപ്പാലത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
റഹാൻ എന്ന യുവാവും ഭാര്യ റഹാനയും ഏഴുവയസുകാരിയായ മകൾ ഐഷയുമാണ് മരിച്ചത്. റഹാനും ഐഷയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പാലത്തിനുതാഴെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് മാരകമായി പരിക്കേറ്റ റഹാനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യക്കും മകൾക്കുമൊപ്പം നഗരം ചുറ്റാൻ ഇറങ്ങിയതായിരുന്നു റഹാൻ. മേൽപ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് പട്ടത്തിന്റെ നൂൽ റഹാനെ ചുറ്റി. റഹാന ഇത് ശ്രദ്ധയിൽ പെടുത്തിയതോടെ ഒരു കൈ കൊണ്ട് നൂൽ മാറ്റാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
സ്‌കൂട്ടർ പാലത്തിന്റെ ഭിത്തിയിൽ ഇടിച്ചുണ്ടായ ആഘാതത്തിൽ മൂന്നുപേരും 70 അടി താഴ്ചയിലേക്ക് പതിച്ചു.
Content Highlights: A kite string caused a family of three to fall 70 feet from a Surat flyover. The couple and their 7-year-old daughter tragically lost their lives. Read the full story.