‘കേന്ദ്രം ആവശ്യപ്പെട്ടു', ജസ്റ്റിസ് അതുൽ ശ്രീധരന്റെ സ്ഥലം മാറ്റത്തിനുളള കൊളീജിയം ശുപാർശ വിവാദമാകുന്നു

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി | Photo: ANI
സുപ്രീംകോടതി | Photo: ANI

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റ ശുപാർശയിൽ മാറ്റം വരുത്തിയ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം വിവാദമാകുന്നു. മലയാളിയായ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി അതുൽ ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശയാണ് വിവാദം ആകുന്നത്. കേണൽ സോഫിയ ഖുറേഷിക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷായ്ക്ക് എതിരെ കേസെടുക്കാൻ നിർദേശിച്ചത് ജസ്റ്റിസ് അതുൽ ശ്രീധരൻ ആയിരുന്നു.

ജസ്റ്റിസ് അതുൽ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്‌ഥലം മാറ്റാൻ ഓഗസ്റ്റിൽ ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തത്. ആ ശുപാർശയിൽ തീരുമാനമായിരുന്നുവെങ്കിൽ ജസ്റ്റിസ് അതുൽ ശ്രീധരൻ ഛത്തീസ്‌ഗഢ് ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമത്തെ ജഡ്ജിയായി മാറുമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ ശുപാർശ പുനഃപരിശോധിക്കുകയാണെന്നും ജസ്റ്റിസ് ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി കൊളീജിയം പുതിയ ശുപാർശ കൈമാറി.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അധ്യക്ഷതയിലുള്ള കൊളീജിയത്തിന്റെ ഈ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ അലഹബാദ് ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ ഏഴാമത്തെ ജഡ്ജിയായി ജസ്റ്റിസ് അതുൽ ശ്രീധരൻ മാറും. നിലവിൽ മധ്യപ്രദേശ് ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ.

കണ്ണൂർ അലവിൽ നൂൽക്കണ്ടിയിൽ പരേതനായ രാജാ ശ്രീധരന്റെ മകനാണ് ജസ്‌റ്റിസ് അതുൽ ശ്രീധരൻ. 2016 ലാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയാകുന്നത്. 2023 ൽ ജസ്റ്റിസ് അതുൽ ശ്രീധരനെ ജമ്മു കശ്മീർ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മകൾ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചതിനെ തുടർന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ജമ്മു കശ്മീരിലേക്കുള്ള സ്ഥലംമാറ്റം. എന്നാൽ 2025 ൽ ജസ്റ്റിസ് അതുൽ ശ്രീധരനെ വീണ്ടും മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കാലത്ത് ജസ്റ്റിസ് അതുൽ ശ്രീധരൻ കരുതൽ തടങ്കൽ കേസുകളിൽ കൂടുതൽ ജുഡീഷ്യൽ പരിശോധന നടത്തുകയും പൊതുസുരക്ഷാ നിയമപ്രകാരമുള്ള നിരവധി കേസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

Content Highlights: Supreme Court Collegium revises transfer recommendation for MP High Court judge Justice Atul Sreedharan, following a central government request, sparking a debate.