‘മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ ഇടപെടരുത്’: പിണറായിക്കെതിരായ കേസിൽ ഇഡിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: മറ്റ് അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ സമർപ്പിച്ച സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയത്.
ഇഡി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എൽ-എക്സലോജിക് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇത് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, നിയമം നിങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിക്കരുതെന്നും മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യങ്ങളിൽ ഇടപെടരുതെന്നും ഇ.ഡിയോട് സുപ്രീംകോടതി പറഞ്ഞു.
എഫ്.ഐ.ആർ രജിസ്റ്റർചെയ്തതിനെയും ഹൈക്കോടതി ഉത്തരവിനെയും ഇ.ഡി അഭിഭാഷകൻ പിന്തുണച്ചതോടെയാണ് സുപ്രീംകോടതി ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. പി.എം.എൽ.എ പ്രകാരം ഇഡിക്ക് വിഷയത്തിൽ അന്വേഷണം തുടരാമെങ്കിലും മറ്റ് ഏജൻസികളുടെ അധികാരപരിധിയിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
'നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പൊയ്ക്കോളൂ. എന്നാൽ, നിയമം നിങ്ങൾക്ക് അനുവദിച്ചുനൽകിയിട്ടുള്ള പരിധികൾ ലംഘിക്കാൻ മുതിരരുത്. ഇക്കാര്യം ഞങ്ങൾ വളരെ വ്യക്തമായി പറയുകയാണ്. മറ്റ് സ്ഥാപനങ്ങളുടെ നിയമപരമായ അധികാരപരിധിയിൽ ഇടപെടുന്നതിനായി, നിങ്ങൾക്ക് ലഭിച്ചിട്ടുള്ള നിയമപരമായ അധികാരങ്ങൾ ഉപയോഗിക്കരുത്. മനസ്സിലായോ? നിങ്ങളും ഹൈക്കോടതിയും എന്താണ് ചെയ്തതെന്ന് ഞങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആർ നിലനിർത്തും. എന്നാൽ, അപ്പീൽ അതോറിറ്റി ഈ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതുവരെ അന്വേഷണം പാടില്ല', ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ സോഹബ് ഹൊസൈൻ, ഹൈക്കോടതി ഉത്തരവിനെ ന്യായീകരിക്കുകയും ഇ.ഡിയുടെ വിവരങ്ങൾ പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യം വെളിപ്പെട്ടിട്ടുള്ളതിനാൽ പ്രതിക്ക് അത് ചോദ്യംചെയ്യാൻ അവകാശമില്ലെന്നും അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും വാദിച്ചപ്പോഴാണ് ജസ്റ്റിസ് ബാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഇഡിക്ക് പൂർണ അധികാരമുണ്ടെങ്കിലും അതിനുശേഷം സംസ്ഥാന പോലീസ് ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ഇഡിക്ക് നിർദ്ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ഹവാല ഇടപാടുകാരെയും മുൻ മുഖ്യമന്ത്രിമാരെയും അന്വേഷണവിധേയമാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പൂർണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അവരെ തടയാൻ ആർക്കും കഴിയില്ല. തങ്ങളുടെ നിയമപരമായ കടമയാണ് ഇഡി നിർവഹിച്ചതെന്നും കോടതി അറിയിച്ചു. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഒരു കുറ്റകൃത്യത്തെക്കുറിച്ച് സംസ്ഥാനത്തെ അറിയിച്ചുകൊണ്ട് ഇ.ഡി അതിന്റെ ചുമതല നിർവഹിച്ചുകഴിഞ്ഞാൽ, നിയമപ്രകാരം നടപടിയെടുക്കേണ്ടത് സംസ്ഥാനമാണെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അഴിമതിവിരുദ്ധ അന്വേഷണം ആരംഭിക്കാൻ കേരള പോലീസിന് ബാധ്യതയുണ്ടോ എന്നത് പ്രത്യേകം പരിശോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഈ വിഷയത്തിൽ പരസ്പരവിരുദ്ധമായ നിരീക്ഷണങ്ങളുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
കേസിൽ പ്രതികളായ പിണറായി വിജയനടക്കമുള്ളവരെ കേൾക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. 'കക്ഷികളെ കേൾക്കാൻ അവസരംപോലും നൽകാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അത്ര വലിയ അടിയന്തര സാഹചര്യം എന്തായിരുന്നു?' എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് മോഹന ചോദിച്ചു.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതിയില്ലാതെ മുൻ മുഖ്യമന്ത്രിക്ക് എതിരേ എങ്ങനെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയെന്നും ജസ്റ്റിസ് ബാദ്ചി ചോദിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണങ്ങളിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകൻ വാദിച്ചു. ഈ വിഷയത്തിൽ ബോംബെ ഹൈക്കോടതിയുടെ നിലപാട് ശരിവെച്ച സുപ്രീം കോടതിയുടെ മുൻ വിധി ഇഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, നിലവിലെ കേസിൽ അന്വേഷണം കോടതി നിർദ്ദേശപ്രകാരമുള്ളതല്ലെന്നും ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ആവശ്യമായ വസ്തുതകൾ ഈ വിവരങ്ങളിൽ ഉണ്ടോ എന്നത് സംസ്ഥാന ഏജൻസി പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പ്രതികൾക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Content Highlights: Supreme Court warns ED not to interfere in the jurisdiction of other investigative agencies., Court notes that FIR was ordered without giving an opportunity to be heard for Pinarayi Vijayan and others., Supreme Court sets aside the division bench order denying permission for appeal., Investigation stay until the appellate authority decides on the matters.