വ്യക്തിയും പാർട്ടിയും ഭരണഘടനയ്ക്ക് മുകളിലല്ല, കോടതിയലക്ഷ്യ ശ്രമങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും - സുപ്രീംകോടതി

ന്യൂഡൽഹി: ഒരു വ്യക്തിയും പാർട്ടിയും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയസൗകര്യത്തിനനുസരിച്ച് തീരുമാനിക്കാവുന്ന ഒന്നല്ലെന്നും സുപ്രീംകോടതി. കോടതിയുടെ അധികാരത്തെ അവമതിക്കാനുള്ള ശ്രമങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജിയാവശ്യപ്പെട്ട് സാമൂഹികമാധ്യമമായ എക്സിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ കെ.പി.സി.സിക്ക് നോട്ടീസയച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.
ക്രിമിനൽ കോടതിയലക്ഷ്യ നടപടിയാണോ സിവിൽ കോടതിയലക്ഷ്യ നടപടിയാണോ സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കാൻ അരവിന്ദ് ദത്താർ, ഗൗരവ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിക്കും. അറ്റോർണി ജനറലിന്റെ സഹായവും കോടതി തേടി.
സുപ്രീംകോടതിയുടെ അധികാരത്തിന് രാഷ്ട്രീയനേതൃത്വത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയിലും നിയമങ്ങളിലും അധിഷ്ഠിതമായാണ് കോടതി പ്രവർത്തിക്കുന്നത്. വിധികളെ എത്ര രൂക്ഷമായും വിമർശിക്കാം. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യം നീതിനിർവഹണത്തിൽ ഇടപെടുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ഉള്ളതാകരുത്.
ഇത്തരം കാര്യങ്ങളിൽനിന്ന് കോടതി അകലം പാലിക്കുന്നത് ദൗർബല്യംകൊണ്ടല്ലെന്നും ഉത്തരവാദികളായവർ എത്ര ഉന്നതരായാലും നിയമം അതിന്റെ വഴിക്കുപോകുമെന്നും ബെഞ്ച് പറഞ്ഞു. പോസ്റ്റിന്റെ പേരിൽ കെ.പി.സി.സി. നിരുപാധികം മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി.
ക്രമസമാധാനം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്നും അതിന് കഴിയുന്നവരെ തങ്ങൾ പകരം കണ്ടെത്താമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തുള്ള പോസ്റ്റിലെ പരാമർശം. കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് വിവാദമായതോടെ നീക്കം ചെയ്തിരുന്നു.
Content Highlights: The Supreme Court stressed that no individual or political party is above the Constitution and warned that attempts to undermine judicial authority would be dealt with firmly.