ക്ഷേത്രങ്ങളിൽ പ്രവേശന വിലക്ക് പാടില്ല,ശബരിമലയുടെ പശ്ചാത്തലത്തിലല്ല ഇത് പറയുന്നത്- ജസ്റ്റിസ് നാഗരത്ന

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന. ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ സത്ത. ആരുടെയും പ്രവേശനം തടയരുത്. എന്നാൽ ശബരിമല ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ അല്ല ഇക്കാര്യം പറയുന്നതെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

ശബരിമല യുവതി പ്രവേശനം ഉൾപ്പടെ പരിഗണിക്കുന്ന ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കലിനിടയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ പരാമർശം. ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കണ്ടതെന്ന് ആ വിഭാഗത്തിൽപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന് സീനിയർ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചപ്പോഴായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ പരാമർശം. എൻഎസ്എസ്, കേരള ക്ഷേത്ര സമിതിയുടെ മാതൃ സമിതി എന്നിവ ഉൾപ്പടെ മൂന്ന് കക്ഷികൾക്ക് വേണ്ടിയാണ് സി.എസ്. വൈദ്യനാഥൻ ഹാജരായത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് പ്രവേശിക്കണമെന്ന് ആർക്കും നിർബന്ധം പിടിക്കാനാകില്ല -ചീഫ് ജസ്റ്റിസ്

ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പാലിക്കാൻ അവിടെ എത്തുന്നവർക്ക് ബാധ്യത ഉണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഉടുപ്പ് ധരിക്കാതെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത്. ഉടുപ്പ് ധരിച്ചുക്കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് ആർക്കും പറയാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സിഖ് ഗുരുദ്വാരകളിൽ എത്തുന്നവർ മുടി മറയ്ക്കണമെന്ന ആചാരം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും, എൻഎസ്എസ് ഉൾപ്പടെയുള്ള ചില സംഘടനകളുടെയും വാദം പൂർത്തിയായി. ചൊവ്വാഴ്ച്ച തന്ത്രി കണ്ഠരര് രാജീവരുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വാദം നടക്കും.

Content Highlights: Justice Nagarathna asserts universal access to Hindu temples in Supreme Court hearings.