വിമാനനിരക്ക്: സർക്കാർ മാനദണ്ഡം പാലിക്കാത്ത കമ്പനികൾക്ക് സർവീസ് വിലക്കേർപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉയർന്ന വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവരുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്ന വിമാനകമ്പനികൾക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് സുപ്രീം കോടതി. സർവീസ് വിലക്ക് ഉൾപ്പടെയുള്ള നടപടികൾ പരിഗണിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചത്.
പുതിയ വിമാനനിരക്ക് ചട്ടങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ തയാറാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിമാന ടിക്കറ്റ് നിരക്കുകൾ, സർജ് പ്രൈസിങ്, അധിക ലഗേജ് നിരക്കുകൾ, റീഫണ്ട് നയങ്ങൾ എന്നിവ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങളുടെ കരട് തയ്യാറായി. കരട് നിർദേശങ്ങൾ മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിക്ക് കൈമാറി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ അന്തിമ നിയമങ്ങൾ കോടതിക്ക് മുന്നിൽ സമർപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഉത്സവ സീസണുകളിലും മറ്റും വിമാനക്കമ്പനികൾ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിനെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. വിമാനക്കമ്പനികൾ യാതൊരു നിയന്ത്രണവുമില്ലാതെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് തടയാൻ വ്യക്തമായ ചട്ടങ്ങൾ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
Content Highlights: Supreme Court recommended service bans for airlines violating airfare control norms., Center submitted the draft of new airline ticket pricing regulations in a sealed cover., New rules will regulate surge pricing, excess baggage fees, and refund policies., Final guidelines will be submitted to the Supreme Court within three weeks.