‘എങ്ങനെ ധൈര്യംവന്നു’; ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

#ന്യൂസ് ഡെസ്ക്
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | ഫോട്ടോ: പിടിഐ
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | ഫോട്ടോ: പിടിഐ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് മുൻകരുതൽ നോട്ടീസ് അയച്ച ഗൗതംബുദ്ധ നഗർ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയായ അക്ഷത് ത്രിപാഠിക്കാണ് ഭരണകൂടം മുൻകരുതൽ നോട്ടീസ് അയച്ചത്. 

പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി  ഉത്തരവ് പുറപ്പെടുവിച്ചിരിക്കേ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നോട്ടീസ് അയക്കാൻ എങ്ങനെ ധൈര്യംവന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്, ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിൽനിന്നും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൽനിന്നും വിശദീകരണം തേടുമെന്ന് കോടതി വ്യക്തമാക്കി.

സർക്കാർ വിരുദ്ധ പ്രചാരണം നടത്തുകയും ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സെപ്റ്റംബർ നാലിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിദ്യാർഥിക്ക് നോട്ടീസ് നൽകിയത്. പ്രക്ഷോഭ സമയത്ത് താൻ ക്യാമ്പസിൽ ഉണ്ടായിരുന്നില്ലെന്നും പ്രയാഗ്‌രാജിലെ സ്വന്തം വീട്ടിലായിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. പോലീസ് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഈ നോട്ടീസ് പിൻവലിച്ചു.

എന്നാൽ, സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് മജിസ്ട്രേറ്റിന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്, സി.ജെ.പി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാനും പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ കേസുകളെടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. മുൻ ഉത്തരവ് ലംഘിച്ച് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖാമൂലം സമർപ്പിക്കാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിൽനിന്ന് വിശദീകരണം തേടുമെന്നും കോടതി ഉറപ്പുനൽകി.

Content Highlights: Supreme Court expressed deep anger over a notice issued to a law student for participating in a Jantar Mantar protest., Chief Justice Surya Kant questioned how an executive magistrate dared to violate a clear Supreme Court order., The notice demanded a personal bond of Rs 5 lakh and two sureties, though it was withdrawn the next day., The court will seek explanations from the Gautam Buddh Nagar District Magistrate and Executive Magistrate.