മതവിശ്വാസിയല്ലാത്തവര്‍ക്ക് ശരീയത്ത് ബാധകമോ? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസ്‌ലിമായി ജനിച്ചെങ്കിലും മതവിശ്വാസിയല്ലാത്തവര്‍ക്ക് ശരീയത്ത് നിയമങ്ങള്‍ ബാധകമാക്കരുതെന്ന ഹര്‍ജിയില്‍ വീണ്ടും കേന്ദ്രത്തിന്റെ മറുപടിതേടി സുപ്രീംകോടതി. ആലപ്പുഴ പനവള്ളി സ്വദേശിനി പി.എം. സഫിയ നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടിനല്‍കാനാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.
മതം ഉപേക്ഷിച്ച മുസ്ലിങ്ങള്‍ക്ക് ശരീയത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കൗതുകമുള്ള വിഷയമാണിതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഏകമകള്‍ക്ക് തന്റെ മുഴുവന്‍ സ്വത്തും നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ശരീയത്ത് നിയമപ്രകാരം മുഴുവനും നല്‍കാനാവില്ല. അതിനാല്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാനിയമം ബാധകമാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും തുഷാര്‍ മേത്ത പറഞ്ഞു.
അതേസമയം, ഒരു മതത്തിലെ അവിശ്വാസികള്‍ക്ക് ഇതനുവദിച്ചാല്‍ മറ്റെല്ലാ സമുദായത്തിനും അത് ബാധകമാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍, മതംമാറിയവര്‍ക്ക് പിന്തുടര്‍ച്ചാവകാശം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വില്‍പ്പത്രം എഴുതിവെച്ചുകൊണ്ട് സ്വത്ത് കൈമാറുന്നതിന് തടസ്സമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജിയില്‍ മറുപടിനല്‍കാന്‍ നാലാഴ്ച അനുവദിച്ചുകൊണ്ട് കേസ് മേയ് അഞ്ചിലേക്ക് മാറ്റി.
ഇതിനുമുന്‍പ് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. വിശ്വാസിയാണോ അല്ലയോ എന്ന് നോക്കിയല്ല വ്യക്തിനിയമം ബാധകമാക്കുന്നതെന്ന് സുപ്രീംകോടതി ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിനിയമം ഒരാള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം എങ്ങനെ സുപ്രീംകോടതിക്ക് പ്രഖ്യാപിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. ശരീയത്തിനു കീഴില്‍ വരുന്നവര്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമല്ലെന്ന് ഇതിന്റെ 58-ാം വകുപ്പില്‍ പറയുന്നുണ്ട്.
ശരീയത്ത് നിയമപ്രകാരം ആകെ സ്വത്തിന്റെ മൂന്നിലൊന്നുമാത്രമേ മകള്‍ക്ക് ഇഷ്ടദാനമായി നല്‍കാന്‍ പിതാവിന് സാധിക്കൂ. മൂന്നില്‍ രണ്ടുഭാഗം ഹര്‍ജിക്കാരിയുടെ സഹോദരനാണ് ലഭിക്കുക. മാത്രവുമല്ല ശരീയത്ത് നിമയപ്രകാരം ഹര്‍ജിക്കാരിയുടെ കാലശേഷം സ്വത്ത് പൂര്‍ണമായും മകള്‍ക്ക് ലഭിക്കില്ല, അതില്‍ സഹോദരങ്ങള്‍ക്കും അവകാശമുണ്ടാകും.
Content Highlights: Supreme Court seeks Centre`s response on a plea challenging the applicability of Sharia law