'അഭിഭാഷകർക്കായി പാഴാക്കാൻ ധാരാളം പണമുണ്ടെന്ന് തോന്നുന്നു': കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന്റെ ഹർജി തള്ളി സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan

ന്യൂഡൽഹി: കാവേരി നദിയിൽ നിന്ന് 11 ടിഎംസി വെള്ളം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രഖ്യാപിക്കുന്നതിന് മുൻപ്, തമിഴ്നാട് ഇന്ന് മൂന്നാമതൊരു അപേക്ഷ കൂടി സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രം നാഥ്, അതും തള്ളിക്കളയുമെന്ന് വാക്കാൽ അറിയിച്ചു. 'അഭിഭാഷകർക്കായി കളയാൻ തമിഴ്നാടിന്റെ പക്കൽ ധാരാളം പണമുണ്ടെന്ന് തോന്നുന്നു' എന്നും കോടതി പറഞ്ഞു.

കർണാടക-തമിഴ്നാട് അതിർത്തിയിലെ പ്രധാന മെഷറിങ് സ്റ്റേഷനായ ബില്ലിഗുണ്ടുലുവിൽ, ഒക്ടോബർ 6വരെ ഉണ്ടായ ജലലഭ്യതയിലെ കുറവ് നികത്തുന്നതിനായി 10 ദിവസത്തേക്ക് ദിവസവും 1.3 ടിഎംസി വെള്ളം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്നാട് ഹർജി സമർപ്പിച്ചത്.

'ഹർജി തള്ളിയിരിക്കുന്നു. നിങ്ങൾ ഇന്ന് മറ്റൊരു ഹർജി കൂടി ഫയൽ ചെയ്തിട്ടുണ്ട്. അഭിഭാഷകർക്കായി പാഴാക്കാൻ തമിഴ്നാട് സർക്കാരിന്റെ കൈവശം ധാരാളം പണം ഉണ്ടെന്ന് തോന്നുന്നു... ഞങ്ങൾ ഈ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുന്നു, മറ്റേ അപേക്ഷയും ഞങ്ങൾ തള്ളിക്കളയും' എന്ന് ഉത്തരവ് വായിക്കവേ ജസ്റ്റിസ് നാഥ് പറഞ്ഞു.

പുതിയ ഹർജിയും തള്ളിക്കളയുമെന്ന് കോടതി പറഞ്ഞതോടെ ഇതിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥിച്ചു. 

ജലസംഭരണികളിൽ പര്യാപ്തമായ വെള്ളമുണ്ടായിട്ടും കർണാടക കാവേരിയിലെ അർഹമായ ജലം വിട്ടുനൽകുന്നില്ലെന്നും, ഇത് സംസ്ഥാനത്തെ കർഷകരെ ജലക്ഷാമത്തിലേക്ക് നയിക്കുന്നുവെന്നും ആരോപിച്ചാണ് തമിഴ്‌നാട് നിരന്തരം സുപ്രീംകോടതിയെ സമീപിച്ച് വരുന്നത്.

ഒക്ടോബർ 6വരെ ബില്ലിഗുണ്ടുലുവിൽ ജലലഭ്യതയിൽ 11.719 ടി.എം.സി കുറവുണ്ടെന്നാണ് ഹർജിയിൽ തമിഴ്നാട് ചൂണ്ടിക്കാണിച്ചത്. ഏകദേശം 49 ടി.എം.സി ജലം സംയുക്ത ജലസംഭരണികളിൽ ഉണ്ടായിരുന്നിട്ടും കർണാടക വെള്ളം പിടിച്ചുവെക്കുകയാണെന്ന് തമിഴ്നാട് വാദിച്ചു.

Content Highlights: Supreme Court dismissed two petitions filed by Tamil Nadu seeking 11 TMC of Cauvery water from Karnataka., The bench noted Tamil Nadu filed a third petition on the same day and indicated it would be dismissed too., Tamil Nadu claimed a shortage of 11.719 TMC of water at Biligundulu up to October 6., Karnataka maintained that water is being withheld despite Tamil Nadu's claims of adequate storage.