ചീഫ് ജസ്റ്റിസിനെതിരെയുള്ള എക്‌സ് പോസ്റ്റ്; കെപിസിസിക്കെതിരായ കോടതിയലക്ഷ്യ പരാതിയിൽ കേസെടുത്ത് സുപ്രീംകോടതി

#ന്യൂസ് ഡെസ്ക്
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | ഫോട്ടോ: പിടിഐ
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | ഫോട്ടോ: പിടിഐ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിനെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കെതിരെ (കെ.പി.സി.സി.) കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള കത്ത് സുപ്രീംകോടതി റിട്ട് ഹർജിയായി രജിസ്റ്റർ ചെയ്തു. ഒക്ടോബർ 13-ന് അഡ്വക്കേറ്റ് വിനീത് ജിൻഡാൽ ചീഫ് ജസ്റ്റിസിനയച്ച കത്ത് ഒക്ടോബർ 30-ന് സിവിൽ റിട്ട് ഹർജിയായി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇത് വാദം കേൾക്കുന്നതിനായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

ഒക്ടോബർ 12-നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ പോസ്റ്റ് വന്നത്. 'പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ നീക്കം ചെയ്യുകയുണ്ടായി.

ഇത് കോടതിയലക്ഷ്യം ആണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. ഒക്ടോബർ 12-ന് നടന്ന സുപ്രീം കോടതി പരിസരത്തെ രാഷ്ട്രീയ പ്രകടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഏതെങ്കിലും നിയന്ത്രിത പ്രദേശത്ത് അനുമതിയില്ലാതെ പ്രവേശിച്ചിട്ടുണ്ടോയെന്നോ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നോ പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സംഭവത്തിൽ കെ.പി.സി.സി. ചീഫ് ജസ്റ്റിസിനോട് നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണിപ്പോൾ ഇത് റിട്ട് ഹർജിയായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അയച്ച വക്കീൽ നോട്ടീസിന് ഒക്ടോബർ 22-ന് നൽകിയ മറുപടിയിലാണ് കെപിസിസി മാപ്പ് പറഞ്ഞത്. പാർട്ടിയുടെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ പാർട്ടി പ്രവർത്തകനായ വിജയ് തോട്ടത്തിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഇയാളെ പിന്നീട് പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്തതായും മറുപടിയിൽ പറഞ്ഞിരുന്നു.

Content Highlights: Supreme Court registered a writ petition for contempt proceedings against KPCC., The plea follows a controversial social media post on the official X handle targeting the Chief Justice., KPCC tendered an unconditional apology and suspended the party worker responsible for the post.