'ഭീഷണിപ്പെടുത്താൻ നോക്കേണ്ട; ഞങ്ങൾ ദന്തഗോപുരങ്ങളിൽ വസിക്കുന്നവരല്ല’- പ്രതിപക്ഷ മാർച്ചിൽ സുപ്രീംകോടതി

#ന്യൂസ് ഡെസ്ക്
സുപ്രീംകോടതി |ഫോട്ടോ:ANI
സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: കോടതികൾക്ക് സമീപമുള്ള പ്രതിഷേധങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒക്ടോബർ 12-ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ സുപ്രീംകോടതി മാർച്ചിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയ്ത്ര എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷനുമായും മുഖ്യ കമ്മിഷണർ ഗ്യാനേഷ് കുമാറുമായും ബന്ധപ്പെട്ട വിഷയത്തിൽ നേരിട്ട് നിവേദനം നൽകണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിരസിച്ചതിന് പിന്നാലെയായിരുന്നു മാർച്ച്.

വാദത്തിനിടയിൽ, കോടതിയെ ആർക്കും 'ഭയപ്പെടുത്താൻ കഴിയില്ല' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാക്കാൽ പറഞ്ഞു. സമാനമായ ആവശ്യങ്ങളുന്നയിച്ചുള്ള രണ്ട് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. സുപ്രീം കോടതി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാനും കോടതി ഉത്തരവിട്ടു.

സുപ്രീം കോടതിക്ക് ഒരു രാഷ്ട്രീയ പ്രകടനം കൈകാര്യം ചെയ്യേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

'സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ വിഷമം എനിക്ക് പങ്കുവെക്കേണ്ടതുണ്ട്. അവരിൽ ഇരുനൂറോളം പേർ ഒരു മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ജുഡീഷ്യറിയെ ഇത്തരത്തിൽ സമ്മർദത്തിലാക്കുന്നത് എങ്ങനെയെന്ന് അവർ വളരെ വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്' ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗൗരവ് ഭാട്ടിയ പറഞ്ഞു.

ഈ ഘട്ടത്തിലാണ് തങ്ങളെ ആർക്കും ഭയപ്പെടുത്താൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. കോടതിയുടെ പരിസരം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഭാട്ടിയ പറഞ്ഞു. 'ഞങ്ങൾ ദന്തഗോപുരങ്ങളിൽ വസിക്കുന്നവരല്ല. പുറത്ത് എന്തൊക്കെ പ്രസ്താവനകളാണ് നടത്തുന്നതെന്നും കോടതിയിൽ എന്താണ് പറയുന്നതെന്നും ഞങ്ങൾ അറിയുന്നുണ്ട്. ഞങ്ങൾക്കെല്ലാം അറിയാം' എന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ കോടതി നോട്ടീസ് അയച്ചില്ല. പകരം, മറ്റ് ആവശ്യങ്ങളിൽ മറുപടി നൽകാനാണ് എതിർകക്ഷികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'ഇന്ന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുന്നില്ല. ഞങ്ങൾ മറുപടി നൽകാനാവശ്യപ്പെട്ട് നോട്ടീസ് അയക്കുക മാത്രമാണ് ചെയ്യുന്നത്. മറുപടി വരട്ടെ, അതിനുശേഷം നമുക്ക് മുന്നോട്ട് പോകാം' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ക്രമസമാധാനം നിങ്ങളുടെ മേഖലയല്ലെങ്കിൽ, ഇപ്പോൾ തന്നെ രാജിവെക്കുക എന്ന് കോൺഗ്രസ് കേരള ഘടകത്തിന്റെ എക്‌സിൽ പോസ്റ്റിട്ടിരുന്നു. വിവാദമായതോടെ എക്സിൽ നിന്നും പോസ്റ്റ് നീക്കി. ഇതെല്ലാം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി.

Content Highlights: Supreme Court issues notice on a petition seeking restrictions on protests near court premises., Petition seeks contempt action against Rahul Gandhi, Mallikarjun Kharge, Akhilesh Yadav, and Mahua Moitra over the March 12 march., CJI Surya Kant asserts that nobody can intimidate the judiciary., Court orders preservation of CCTV footage around the Supreme Court premises., Congress Kerala unit's controversial social media post also highlighted in the plea.