വീട്ടമ്മമാർ രാഷ്ട്രനിർമാതാക്കൾ; മാസം 30,000 രൂപ ‘വേതനം’ കണക്കാക്കി സുപ്രീംകോടതി

ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ സേവനത്തിന് പ്രതിമാസം 30,000 രൂപ കണക്കാക്കി ഭർത്താവിന് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. വീട്ടമ്മമാർ രാഷ്ട്രനിർമാതാക്കളാണെന്നും മനുഷ്യരുടെയും രാജ്യത്തിന്റെയും വളർച്ചയ്ക്ക് അവർ സംഭാവനനൽകുന്നുണ്ടെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
വാഹനാപകട നഷ്ടപരിഹാരക്കേസുകളിൽ സുപ്രധാനമായ വിധിയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റേത്. കാരണം, നിലവിൽ ഇത്തരം കേസുകളിൽ വീട്ടമ്മമാർക്ക് നാമമാത്ര തുകയാണ് വേതനമായി കണക്കാക്കിയിരുന്നത്. അപ്പോഴത്തെ മിനിമം കൂലിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
എന്നാൽ, വാഹനാപകടത്തിൽ ഭാര്യ നഷ്ടപ്പെട്ട പഞ്ചാബ് സ്വദേശിക്ക് അധിക നഷ്ടപരിഹാരം നിശ്ചയിച്ചാണ് ഇപ്പോഴത്തെ വിധി. ഇതോടെ ഹൈക്കോടതി നിശ്ചയിച്ച 8.43 ലക്ഷം രൂപ സുപ്രീംകോടതി 62.77 ലക്ഷം രൂപയാക്കി ഉയർത്തി.
വാഹനാപകട നഷ്ടപരിഹാരക്കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കേണ്ടതാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഇത്തരം കേസുകളുടെ പുരോഗതി വിലയിരുത്താൻ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും നിർദേശിച്ചു.
ഭാവിയിൽ 'വീട്ടമ്മ' എന്ന വാക്ക് സ്ത്രീയുടെ സംഭാവനകളെ മാനിച്ച് ‘രാഷ്ട്രനിർമാതാവ്’ എന്ന് ഉപയോഗിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പറഞ്ഞു.
കുടുംബത്തിലെ വരുമാനമുള്ള അംഗങ്ങൾ യഥാർഥത്തിൽ അവരെ ആശ്രയിക്കുന്നുണ്ടെങ്കിലും അതിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 15 മുതൽ 17 ശതമാനം വരെയാകും വീട്ടമ്മമാരുടെ സേവനത്തിന്റെ മൂല്യം. എങ്കിലും അത് നൽകുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും ബെഞ്ച് വിലയിരുത്തി.
മൂന്ന് കുട്ടികളുടെ അമ്മയാണ് പഞ്ചാബിൽ 2001-ൽ വാഹനാപകടത്തിൽ മരിച്ചത്. കുടുംബത്തിന് 2.24 ലക്ഷം രൂപയാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ വിധിച്ചത്. ഹൈക്കോടതി ഇത് 8.43 ലക്ഷമാക്കി ഉയർത്തിയെങ്കിലും അത് പോരെന്നുകാട്ടി ഭർത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് വീട്ടമ്മയായ ഭാര്യയുടെ വേതനം 30,000 രൂപയാക്കി കണക്കാക്കി നഷ്ടപരിഹാരം വർധിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
Content Highlights: Supreme Court recognizes homemakers as essential nation builders. Monthly value of homemaker services set at ₹30,000 for compensation calculations. Compensation for a Punjab case increased from ₹8.43 lakh to ₹62.77 lakh. Directives issued to High Courts to settle accident cases within one year. Court acknowledges homemakers contribute 15-17% to India's GDP.