സർക്കാർ ജീവനക്കാരെ കരാറടിസ്ഥാനത്തിലേ നിയമിക്കാവൂ, എന്നാലേ ഉത്തരവാദിത്വം ഉണ്ടാകൂ- ജസ്റ്റിസ് ബി.വി.നാഗരത്ന

#ന്യൂസ് ഡെസ്ക്
സുപ്രീംകോടതി, ജസ്റ്റിസ് ബി.വി.നാഗരത്‌ന
സുപ്രീംകോടതി, ജസ്റ്റിസ് ബി.വി.നാഗരത്‌ന

ന്യൂഡൽഹി: സർക്കാർജീവനക്കാർ പ്രവിലേജ്ഡ് വിഭാഗമാണെന്നും കരാറടിസ്ഥാനത്തിൽ നിയമിച്ചാലേ അവർക്ക് ഉത്തരവാദിത്വം ഉണ്ടാകൂവെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ബി.നാഗരത്ന. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) നൽകാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നൽകിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി.വി.നാഗരത്നയുടെ പരാമർശം.

'ഇനിമുതൽ സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ മാത്രമേ നിയമിക്കാവൂ. എങ്കിൽ മാത്രമേ അവർക്ക് ഉത്തരവാദിത്വം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം അവർ ടൈപ്പ് ചെയ്യുന്നത് വെറും മൂന്ന് പേജുകൾ മാത്രമാണ്, അവർക്ക് ജുഡീഷ്യൽ വകുപ്പിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ല. ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാലും, അവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെയാണെങ്കിൽ ഒരു ദിവസം ടൈപ്പ് ചെയ്യാനുള്ളത് വെറും മൂന്ന് പേജുകൾമാത്രം!' ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

പഞ്ചാബ് സർക്കാരിനെതിരെ സംസ്ഥാന സർക്കാർജീവനക്കാർ നൽകിയ കേസ് ജസ്റ്റിസ് നാഗരത്നയുടെയും ജസ്റ്റിസ് ആർ.മഹാദേവന്റെയും ബെഞ്ചാണ് പരിഗണിച്ചിരുന്നത്.

നേരത്തെ കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ ആവശ്യമായ പണം നൽകാൻ സർക്കാരിന്റെ കൈവശം മതിയായ ഫണ്ടില്ലെന്ന് സർക്കാർ വാദിച്ചിരുന്നു. ഈ ഘട്ടത്തിൽ സൗജന്യ പദ്ധതികൾക്കും മറ്റുമായി സർക്കാർ പണം ചെലവാക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. സുപ്രീംകോടതിയിൽ ഹൈക്കോടതിയുടെ ഈ വാദം സർക്കാർ ജീവനക്കാർ ഉന്നയിച്ചു. പഞ്ചാബിലെ വിവിധ പദ്ധതികളെയും സൗജന്യങ്ങളെയും ജീവനക്കാർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗരത്നയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമർശമുണ്ടായത്. സൗജന്യ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ളതാണെന്നും, എന്നാൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാർജീവനക്കാർ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.

കഠിനാധ്വാനം ചെയ്യുന്ന സർക്കാർ ജീവനക്കാരുണ്ടെന്നും എല്ലാവരെയും ഒരേ അളവുകോലിൽ കാണാനാകില്ലെന്നും ജീവനക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് പറഞ്ഞു.

സർക്കാർജീവനക്കാർ അത്രമാത്രം ആത്മാർത്ഥതയുള്ളവരാണെങ്കിൽ രാജ്യത്തെ കേസുകൾ കുറയുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന തിരിച്ചടിച്ചു. സർക്കാർ ഒരു മാതൃകാപരമായ തൊഴിൽദാതാവായി പ്രവർത്തിക്കണമെന്ന് കാമത്ത് മറുപടി നൽകി. ഇതോടെയാണ് ജസ്റ്റിസ് നാഗരത്ന സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്വത്തെ ചോദ്യം ചെയ്തത്. 'എല്ലായിടത്തും ചുവപ്പുനാടയും കറുപ്പുനാടയും ആണ്. സർക്കാർ ജീവനക്കാരന്റെ ഉത്തരവാദിത്വം എവിടെയാണ്?' എന്ന് ചോദിച്ച കോടതി ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യുകയുമുണ്ടായി.

Content Highlights: Supreme Court observed that government employees are a privileged class., Justice BV Nagarathna stated that employees should be appointed on contract for better accountability., The court made these remarks during a hearing on a DA case against the Punjab Chief Secretary., Court questioned the efficiency and responsibility of government employees in handling judicial work.