കോടതിഫീസിൽ 200 രൂപയിലധികം കുറവ്, ഹർജികളിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്ട്രി

#സ്വന്തം ലേഖകൻ
രാഹുൽ ​ഗാന്ധി | PTI
രാഹുൽ ​ഗാന്ധി | PTI

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടികപരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നേതാക്കൾ സമർപ്പിച്ച ഹർജികളിൽ പത്തിലധികം പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്ട്രി. മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽരേഖയുടെ വ്യക്തമായ പകർപ്പ് സമർപ്പിക്കാൻ രജിസ്ട്രി ആവശ്യപ്പെട്ടു. ഹർജിയിലെ ചില പേജുകൾ വായിക്കാനാവാത്ത അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി. കോടതിഫീസിൽ 200 രൂപയിലധികം കുറവുണ്ടെന്നതും ഉൾപ്പെടെയുള്ള പിഴവുകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇന്ത്യ സഖ്യത്തിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കും

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലെ (എസ്.ഐ.ആർ.) ക്രമക്കേടും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യസഖ്യ നേതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ഇതേ വിഷയത്തിലെ മറ്റു ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കൾ ഫയൽചെയ്ത പരാതികളും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. അല്ലാത്തപക്ഷം, ഈ ഹർജി ഉടൻ ലിസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകർ സുപ്രീംകോടതിയോട് അഭ്യർഥിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരേയും എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽചെയ്തത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സൗഗതാ റോയ് (തൃണമൂൽ കോൺഗ്രസ് മമത), അഖിലേഷ് യാദവ് (എസ്.പി.), തേജസ്വി യാദവ് (ആർ.ജെ.ഡി.), സഞ്ജയ് റാവത്ത് (ശിവസേനാ ഉദ്ദവ്) എം.എ. ബേബി (സി.പി.എം.), ഡി. രാജ (സി.പി.ഐ.), മഹുവാ മാഝി (ജെ.എം.എം.), സുപ്രിയാ സുലെ (എൻ.സി.പി. ശരദ് പവാർ), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്) എന്നിവരാണ് ഹർജിയിൽ ഒപ്പുവെച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നേരിട്ടെത്തി ഹർജി ഫയൽ ചെയ്യാനായിരുന്നു നീക്കം. എന്നാൽ, രാഹുൽ നയിച്ച ഇന്ത്യസഖ്യത്തിന്റെ മാർച്ച് സുപ്രീംകോടതിക്ക് സമീപമെത്തുമ്പോഴേക്കും രജിസ്ട്രിയുടെ സമയം അവസാനിക്കാറായതിനാൽ ഓൺലൈനായി ഫയൽചെയ്തു. പിന്നീട് രാഹുൽ ഗാന്ധിയും നേതാക്കളും സുപ്രീംകോടതിയിലെത്തി.

Content Highlights: Supreme Court registry found over 10 errors in the petition filed by INDIA bloc leaders