ബില്‍ക്കിസ് കേസ്: കുറ്റവാളികള്‍ ഞായറാഴ്ചയ്ക്കകം കീഴടങ്ങണം; സമയം നീട്ടിനല്‍കില്ലെന്ന് സുപ്രീംകോടതി

ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍. File Photo - PTI
ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍. File Photo - PTI

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കുറ്റവാളികളായ 11 പേരും ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി. വിളവെടുപ്പ് കാലം, മകന്റെ വിവാഹം തുടങ്ങി പലകാരണങ്ങള്‍ നിരത്തി കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി അവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. പ്രതികള്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ പരിഗണിച്ച് സമയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 21-നകം തന്നെ 11 പേരും ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  കുറ്റവാളികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഇവരോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കീഴടങ്ങാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ സമയം നീട്ടി ചോദിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്.

കുറ്റവാളികള്‍ ചോദിച്ച സമയവും കാരണങ്ങളും

രധേശ്യാം ഭഗവന്‍ദാസ് ഷാ- ആറാഴ്ചയാണ് സമയം ചോദിച്ചത്. പ്രായമായ, ആരോഗ്യപ്രശ്നങ്ങളുള്ള മാതാപിതാക്കളെ നോക്കണം, കീഴടങ്ങുന്നതിന് മുമ്പ് ഭാര്യക്കും 21 വയസുള്ള മകനും സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്തി നല്‍കണം എന്നീ കാരണങ്ങളാണ് പ്രധാന പ്രതിയായ ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ജസ്വന്ത്ഭായ് ചതുര്‍ഭായ് - ആറാഴ്ച സമയം, തന്റെ കുടുംബം മുഴുവന്‍ കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം ആശ്രയിക്കുന്നവരാണ്. വരാനിരിക്കുന്ന വിള സീസണ്‍ കണക്കിലെടുത്ത് കീഴടങ്ങാനുള്ള സമയം നീട്ടിനല്‍കണം.

ഗോവിന്ദ്ഭായ് നായ്- നാലാഴ്ച സമയം, ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ മാതാപിതാക്കളുടെ ഏക പരിചാരകനാണ്. രണ്ട് കുട്ടികളുമുണ്ട്, ആസ്ത്മയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ തന്നെ അലട്ടുന്നുമുണ്ട്.

ഷൈലേഷ്ഭായ് ചിമന്‍ലാല്‍ ഭട്ട്- ആറാഴ്ച സമയം, മകന്റെ വിവാഹം, വരാനിരിക്കുന്ന വിള സീസണ്‍, പ്രായം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് കീഴടങ്ങാനുള്ള സമയം നീട്ടിനല്‍കണം.

ബിപിന്‍ചന്ദ് ഖിമഭായ് വൊഹാനിയ- ആറാഴ്ച സമയം, മകന്റെ വിവാഹവും ആരോഗ്യ പ്രശ്നങ്ങളും

പ്രദീപ് രമന്‍ലാല്‍ മൊധിയ- നാലാഴ്ച സമയം, ഭാര്യയുടെ മരണം, ശ്വാസകോശവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയും നടത്തേണ്ടതുണ്ട്.

രാജുഭായ് ബാബുലാല്‍ സോണി- ആറാഴ്ച സമയം, ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന പ്രായമായ അമ്മയെ നോക്കേണ്ടതുണ്ട്. ഭാര്യക്കും രണ്ട്് ആണ്‍കുട്ടികള്‍ക്കും കീഴടങ്ങുന്നതിന് മുമ്പ് സാമ്പത്തിക ഒരുക്കങ്ങള്‍ നടത്തി നല്‍കണം.

മിതേഷ് ചിമന്‍ലാല്‍ ഭട്ട്- ആറാഴ്ച സമയം, വരാനിരിക്കുന്ന വിളവെടുപ്പ് കാലം പരിഗണിച്ച് കീഴടങ്ങല്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കണം, മകന്റെ ശസ്ത്രക്രിയയും നടക്കാനുണ്ട്.

രമേശ് രൂപഭായ് ചന്ദന- ആറാഴ്ച സമയം- ഹൃദയസംബന്ധമായ അസുഖം, വരാനിരിക്കുന്ന വിളവെടുപ്പ് കാലം, മകന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. പ്രായമായതും രോഗിയുമായ അമ്മയെ പരിചരിക്കേണ്ടതുണ്ട്.

ഗുജറാത്തില്‍ 2002-ലെ ഗോധ്ര കൂട്ടക്കൊലയുടെ തുടര്‍ച്ചയായുണ്ടായ കലാപത്തിനിടെ, ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗംചെയ്യുകയും മൂന്നരവയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് 15 വര്‍ഷത്തോളം തടവനുഭവിച്ച ഇതിലെ പ്രതികളെ 2022 ഓഗസ്റ്റ് പത്തിനാണ് ജയിലില്‍നിന്ന് മോചിപ്പിച്ചത്. തുടര്‍ന്ന് ബില്‍ക്കിസ് നല്‍കിയ ഹര്‍ജിയില്‍ ഈ മാസം എട്ടിനാണ് പ്രതികളെ മോചിപ്പിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയത്.

Content Highlights: Supreme Court Dismisses Bilkis Bano Case Convicts' Plea To Extend Time- Surrender