‘കുറ്റവാളികളുടെ മനസ്സിൽ കടുത്ത ഭയം വേണം’; ഡൽഹിയിലെ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

#ന്യൂസ് ഡെസ്ക്
സുപ്രീം  കോടതി | ഫോട്ടോ: PTI
സുപ്രീം കോടതി | ഫോട്ടോ: PTI

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും നേരേയുണ്ടാകുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങൾ നിരന്തരം നിരീക്ഷിക്കാനും അടിയന്തരമായി ഇടപെടാനുമുള്ള എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ എന്ന് കേന്ദ്രസർക്കാരിനോടും ഡൽഹി പോലീസിനോടും സുപ്രീംകോടതി ആരാഞ്ഞു.

‘പ്രശ്നസാധ്യതയുള്ള പ്രദേശങ്ങൾ നിരന്തരം നിരീക്ഷിക്കാനും സംഭവങ്ങളുണ്ടായാൽ ഉടൻ പ്രതികരിക്കാനും സാധിക്കുന്ന സംവിധാനം നിങ്ങളുടെ പക്കലുണ്ടോ?’ ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഡൽഹി ദേശീയ തലസ്ഥാന മേഖലയിൽ അടുത്തിടെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ നിർണായക ചോദ്യം.

കുറ്റംചെയ്യാൻ തുനിയുന്നവരുടെ മനസ്സിൽ കടുത്ത ഭയം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി ശക്തമായി ചൂണ്ടിക്കാട്ടി. ‘കുറ്റംചെയ്യാൻ സാധ്യതയുള്ള ഒരാളുടെ മനസ്സിൽ ഭയം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്’ എന്ന് കോടതി പറഞ്ഞു. എന്തെങ്കിലും ചെയ്താൽ ജീവൻപോകും എന്ന തരത്തിലുള്ള ഭയം സാമൂഹികവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സിൽ സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിൽ ഇത്തരം അതിക്രമങ്ങളെ ഫലപ്രദമായി തടയാൻ അധികാരികൾക്ക് കഴിയില്ലെന്നും ബെഞ്ച് ഓർമിപ്പിച്ചു.

രാത്രി 10 മണിക്ക് റോഡിലൂടെ നടക്കുമ്പോഴായാലും മെട്രോയിലോ റോഡിലോ യാത്ര ചെയ്യുമ്പോഴായാലും ഡൽഹിയിലെ ഓരോ സ്ത്രീക്കും സുരക്ഷിതത്വം അനുഭവപ്പെടണമെന്നും കോടതി പറഞ്ഞു. നിലവിലുള്ള ഭരണസംവിധാനത്തിലെ പോരായ്മകൾ കുറ്റകൃത്യങ്ങൾക്ക് വഴിതുറക്കുന്ന സാഹചര്യമുണ്ടാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുറ്റകൃത്യം നടന്നശേഷം എന്ത് നടപടി എടുക്കുന്നു എന്നതിനേക്കാൾ പ്രധാനം അത് നടക്കാതെ തടയുക എന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.

Content Highlights: The Supreme Court expressed deep concern over sexual assault crimes against women and minors in Delhi, questioning the Centre and Delhi Police on whether they have a real-time monitoring and rapid response system in place for vulnerable areas.