മമതയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ED ഉദ്യോഗസ്ഥർക്കെതിരായ കേസ് സ്‌റ്റേ ചെയ്തു, 'പ്രശ്‌നം ഗുരുതരം'

ന്യൂഡൽഹി: പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ (I-PAC) ഓഫീസുകളിലെ ഇ ഡി റെയ്ഡുകളുമായി ബന്ധപ്പെട്ട കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും സർക്കാരിനും കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ സർക്കാരിന്റെ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസ് ഫയൽ ചെയ്ത എഫ്ഐആറുകളിലെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ജനുവരി-8 ലെ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും വിപുൽ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
മമത ബാനർജിക്കെതിരെയും പശ്ചിമ ബംഗാൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ ബംഗാൾ സർക്കാരിന്റെ പ്രതികരണവും കോടതി ആരാഞ്ഞു.
കഴിഞ്ഞ ആഴ്ച കൽക്കരി കള്ളക്കടത്ത് പണമിടപാട് കേസിൽ കൊൽക്കത്തയിലെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ (ഐ-പാക്) ഓഫീസിൽ ഇഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രി മമത ബാനർജി മുതിർന്ന പാർട്ടി നേതാക്കളോടൊപ്പം ഇഡി ഉദ്യോഗസ്ഥരെ നേരിട്ടെന്നും, പരിശോധനയ്ക്കിടെ ചില രേഖകൾ മുഖ്യമന്ത്രി മാറ്റിയെന്നും ഇത് അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.
ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയും ഏജൻസിയുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതായി ഇഡി ആരോപിച്ചു. സംസ്ഥാന ഭരണകൂടം പലതവണ അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും സഹകരിച്ചില്ലെന്നും ഏജൻസി പറഞ്ഞു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ രഹസ്യ രാഷ്ട്രീയ വിവരങ്ങൾ ലഭിക്കാനുള്ള നിയമവിരുദ്ധമായ ശ്രമമാണ് ഇഡിയുടെ റെയ്ഡ് എന്നാണ് മമത ബാനർജിയുടെ ആരോപണം.
Content Highlights: Supreme Court stays Bengal government`s actions against ED officials in the I-PAC raid case