പടക്കനിരോധനം എന്തായി? നടപ്പാക്കാന്‍ എന്തൊക്കെ നടപടികളെടുത്തു? ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം വായുമലിനീകരണത്താല്‍ വലയുകയാണ്. ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ പുകകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് ഡല്‍ഹി നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മോശം നിലവാരമുള്ള വായു ഡല്‍ഹിയിലേതാണ്. വായു ഗുണനിലവാര സൂചിക (AQI) 382 ആണ് ഡല്‍ഹിയിലേത്. ഇതോടെയാണ് പടക്കനിരോധനം സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് എടുത്തതെന്ന് ഡല്‍ഹി സര്‍ക്കാരിനോടും പോലീസിനോടും സുപ്രീംകോടതി ചോദിച്ചത്.
വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളും പൂത്തിരികളും വായുമലിനീകരണത്തിന് കാരണമാകുന്ന മറ്റ് വസ്തക്കളും ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഇത് പേപ്പറില്‍ മാത്രമായി ഒതുങ്ങുന്നു എന്നാണ് നിലവിലെ സ്ഥിതി തെളിയിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. നിരോധനം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാരും പോലീസും എന്തൊക്കെ നടപടികളാണ് എടുത്തത് എന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി തിങ്കളാഴ്ച ഈ വിഷയത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ജസ്റ്റിസ് അഭയ് എസ്. ഒക, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മാസിഹ് എന്നിവരാണ് ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആംആദ്മി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസിനോടും ആവശ്യപ്പെട്ടത്. 2025-ഓടെയെങ്കിലും നിരോധനം 'പേപ്പറിലല്ല' യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Content Highlights: supreme court asks delhi government and police about the actions taken to implement cracker ban