ലൈംഗികാതിക്രമക്കേസ്: നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട വിധി ശരിവെച്ച് സുപ്രീം കോടതി

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
നീലലോഹിതദാസൻ നാടാർ | ഫോട്ടോ - സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
നീലലോഹിതദാസൻ നാടാർ | ഫോട്ടോ - സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാർക്ക് ആശ്വാസം. അദ്ദേഹത്തെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. പരാതിക്കാരിയായ വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററുടെ ഹർജി ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി.

1999 ലാണ് വനംവകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാർക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി ലൈംഗീക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിൽ ആണ് നാടാർക്ക് എതിരെ പരാതി നൽകിയിരുന്നത്. കേസിന്റെ തുടക്കത്തിൽ വിചാരണ കോടതി നീലലോഹിതദാസൻ നാടാറെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.

കേസിന്റെ വസ്തുതകൾ വിശദമായി പരിശോധിച്ച ശേഷം, ഹൈക്കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പരാതിക്കാരിയുടെ ഹർജി തള്ളുകയായിരുന്നു. പപരാതിക്കാരി നൽകിയ വിവിധ മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വാദത്തിനിടെ പരാതിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ, നീലലോഹിതദാസൻ നാടാർ ഒരു 'സീരിയൽ ഒഫൻഡർ' ആണെന്ന് വാദിച്ചിരുന്നു. അദ്ദേഹത്തിനെതിരെ സമാനമായ മറ്റ് ചില പരാതികൾ കൂടി ഉണ്ടെന്ന കാര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഈ കേസിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

Content Highlights: Supreme Court upholds Kerala High Court`s acquittal of former minister Neelalohithadasan Nadar in a molestation case after years of legal battle. Read details.