സുനിൽ കനുഗോലുവിനെ മുഖ്യ ഉപദേഷ്ടവായി നിയമിച്ച് ഡി.കെ.ശിവകുമാർ,കാബിനറ്റ് റാങ്ക്

ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയ സുനിൽ കനുഗോലുവിനെ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴും മുഖ്യ ഉപദേഷ്ടാവ് റോളിൽ കനുഗോലു പ്രവർത്തിച്ചിട്ടുണ്ട്.
ബല്ലാരി ജില്ലക്കാരനായ കനുഗോലു കോൺഗ്രസിന്റെ വിജയകരമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രധാന ശില്പികളിൽ ഒരാളായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രചാരണങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ 'പേ സി എം' പ്രചാരണവും പാർട്ടി ഗ്യാരണ്ടികളും ഉൾപ്പെടെയുള്ള പ്രധാന പ്രചാരണ ആശയങ്ങൾക്ക് പിന്നിൽ കനുഗോലുവാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഡാറ്റാധിഷ്ഠിത രാഷ്ട്രീയ ആസൂത്രണത്തിനും പ്രചാരണം അടിസ്ഥാനതലത്തിലുള്ള ജനങ്ങളിലേക്ക് എത്തുന്നതിനുള്ള തന്ത്രങ്ങൾക്കും പേരുകേട്ട കനുഗോലു, കോൺഗ്രസിന്റെ ഏറ്റവും വിശ്വസ്തനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ ഒരാളാണ്്. ഭരണത്തിലെ നയരൂപീകരണത്തിലും ഇതേ തന്ത്രപരമായ സമീപനം കൊണ്ടുവരാനുള്ള നീക്കമായാണ് അദ്ദേഹത്തിന്റെ നിയമനത്തെ കാണുന്നത്.
ഭരണനിർവ്വഹണം, പൊതുജനസമ്പർക്കം, നയപരമായ ആശയവിനിമയം, ഭരണപരമായ പരിഷ്‌കാരങ്ങൾ എന്നിവയിൽ കനുഗോലു ഡി.കെ.ശിവകുമാറിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യംവെച്ച് കൊണ്ടാകും പ്രവർത്തനം.
Content Highlights: Sunil Kanugolu appointed as Chief Advisor to D.K. Shivakumar with Cabinet rank., Kanugolu is credited with Congress's success in Karnataka and Kerala election campaigns.