തുടക്കം 17 രൂപകൊണ്ട്; സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കാൻ കുടുംബാംഗങ്ങളോട് 2 കോടി കടംവാങ്ങും-സുഭാഷ് ചന്ദ്ര

#ന്യൂസ് ഡെസ്ക്
സുഭാഷ് ചന്ദ്ര | Photo: ANI
സുഭാഷ് ചന്ദ്ര | Photo: ANI

ന്യൂഡൽഹി: ബിസിനസ് സാമ്രാജ്യം വലിയൊരളവിൽ തകർന്നെങ്കിലും തനിക്ക് പശ്ചാത്താപമില്ലെന്നും കരിയർ പുനഃരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്സെൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര. എങ്ങനെയാണ് ബിസിനസ് ചെയ്യേണ്ടതെന്ന് അറിയാമെന്നും വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എസ്സൽ ഗ്രൂപ്പിന്റെ 22,006 കോടിരൂപയുടെ വായ്പാ കുടിശ്ശികയിൽ ജാമ്യക്കാരനായ സുഭാഷ് ചന്ദ്രയിൽനിന്ന് 6.5 കോടിമാത്രം ഈടാക്കി തീർപ്പാക്കാനുള്ള എൻസിഎൽടി ഉത്തരവ് വിവാദമായിരുന്നു. പിന്നാലെ ഒരു വീഡിയോ സന്ദേശത്തിലാണ് വായ്പാ കുടിശ്ശികയെക്കുറിച്ചും വായ്പകൾ തിരിച്ചടച്ചതിനെക്കുറിച്ചും ബിസിനസ് പുനഃരാരംഭിക്കുന്നതിനെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചത്.

എസ്സൽ ഗ്രൂപ്പിന്റെ വായ്പാതിരിച്ചടവിന് വേണ്ടി വീട് ഉൾപ്പെടെയുള്ള വ്യക്തിഗത സ്വത്തുക്കൾ വിൽക്കേണ്ടിവന്നെന്ന് സുഭാഷ് ചന്ദ്ര വീഡിയോയിൽ പറയുന്നു. ‘പ്രതിസന്ധി രൂപപ്പെട്ടപ്പോൾ ഗ്രൂപ്പിന് ഉണ്ടായിരുന്നത് 45,000 കോടിരൂപയുടെ ബാധ്യതയായിരുന്നു. ഇതിൽ 43,000 കോടി തിരിച്ചടച്ചു. ഞങ്ങൾ കുടുംബസ്വത്ത് വിറ്റു. ഞങ്ങളുടെ സ്വത്തുക്കൾ വിറ്റു, ഏറെക്കുറേ കമ്പനിയും വിറ്റു. വീടുവരെ വിറ്റു. പക്ഷേ എല്ലാവരുടെയും പണം കൊടുത്തു, സുഭാഷ് ചന്ദ്ര പറഞ്ഞു.

‘പതിനേഴ് രൂപകൊണ്ടാണ് തന്റെ സംരംഭകത്വ യാത്ര തുടങ്ങിയത്. എട്ടായിരം കുടുംബങ്ങൾക്ക് തൊഴിൽ കൊടുക്കാൻ തന്റെ ബിസിനസിന് സാധിച്ചു, സുഭാഷ് ചന്ദ്ര കൂട്ടിച്ചേർത്തു. സ്വിറ്റ്‌സർലൻഡിൽ നിക്ഷേപമേഖലയിൽ ജോലിചെയ്യുന്ന ഒരു സുഹൃത്തുമായി ചേർന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതായും സ്റ്റാർട്ട് അപ്പുകളിലും മറ്റും നിക്ഷേപിക്കുന്നതിനായി കുടുംബാംഗങ്ങളോട് 2-4 കോടി രൂപ കടമായി വാങ്ങുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Essel Group Chairman Subhash Chandra is planning to restart his business career., Repaid Rs 43,000 crore out of Rs 45,000 crore total liabilities by selling personal assets and family property., Plans to borrow Rs 2-4 crore from family members to invest in startups., Addressed the controversy regarding the NCLT order on loan dues.