മുസ്ലിങ്ങളിൽ 99 ഉപജാതികൾ, ക്രിസ്ത്യാനികളില്‍ 'ബ്രാഹ്‌മണർ' അടക്കം 57 ഉപജാതികളുമെന്ന് കര്‍ണാടക സെൻസസ്

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍വേയില്‍ ഉള്‍പ്പെട്ട 5.98 കോടി വരുന്ന ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരാണെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്. മുസ്ലിങ്ങളില്‍ 99 ഉപജാതികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 57 ഉപജാതികള്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ബ്രാഹ്‌മണര്‍ എന്നും വൊക്കാലിംഗ എന്നും സ്വയം വിശേഷിപ്പിച്ചവരുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

2015-ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. 76.99 ലക്ഷം മുസ്ലിങ്ങളില്‍ 59 ലക്ഷം പേരും സര്‍വേയില്‍ മുസ്ലിം എന്ന് മാത്രമാണ് വിശേഷിപ്പിട്ടുള്ളത്. ബാക്കി വരുന്നവരാണ് വ്യത്യസ്ത ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്.

ഷൈഖ്,അട്ടാരി, ബഗ്ബാന്‍, ചപ്പര്‍ബന്ദ്, ഡാര്‍ജി, ധോബി, ഇറാനി, ജോഹാരി, കലൈഗര്‍, മൊഗള്‍, പത്തേഗര്‍, ഫൂല്‍ മാലി, രംഗ്രെസ്, സിപായി, തകങ്കര്‍, തേലി തുടങ്ങിയ നാമകരണങ്ങളാണ് മുസ്ലിങ്ങള്‍ ഉപജാതികളായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ഷൈഖ് മുസ്ലിംസ് എന്നറിയപ്പെടുന്നവരാണ് ഏറ്റവും കൂടുതലുള്ളത്. 5.5 ലക്ഷം പേര്‍ ഈ കാറ്റഗറിയിലുണ്ട്. 3.49 ലക്ഷം പേരാണ് സുന്നി മുസ്ലിംസ്.

മുസ്ലിങ്ങളില്‍ 99 ഉപവിഭാഗങ്ങളുണ്ടെന്നത് അതിശയിപ്പിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ റിസ്‌വാന്‍ അര്‍ഷാദ് പറഞ്ഞു. ഈ ആളുകള്‍ മതംമാറി വന്നവരാണ്. എന്നാല്‍ പലരും അവരുടെ തൊഴിലുകളില്‍തന്നെ തുടര്‍ന്നു. അതിന്റെ ഭാഗമായിട്ടാണ് ഇത്തരം പേരുകള്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വേ പ്രകാരം 9.47 ലക്ഷം ക്രിസ്ത്യാനികളാണ് ഉള്ളത്. ഇതില്‍ 57 ഉപജാതികളുണ്ട്. നിലവില്‍, ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം അഞ്ച് ശതമാനം സംവരണമുള്ള കാറ്റഗറി-3B യിലാണ് വരുന്നത്.  9.47 ലക്ഷംപേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്ന് മാത്രം വിശേഷിപ്പിച്ചു. ബാക്കിവരുന്നവര്‍ മറ്റു പേരുകളും കൂടി ചേര്‍ത്തു. 

മാഡിഗ ക്രിസ്ത്യന്‍, ബില്ലവ ക്രിസ്ത്യന്‍, ബ്രാഹ്‌മണ ക്രിസ്ത്യന്‍, ഈഡിഗ ക്രിസ്ത്യന്‍, ജംഗമ ക്രിസ്ത്യന്‍, കമ്മ ക്രിസ്ത്യന്‍, കുറുബ ക്രിസ്ത്യന്‍, വൊക്കലിഗ ക്രിസ്ത്യന്‍, വാല്‍മീകി ക്രിസ്ത്യന്‍ തുടങ്ങിയ പേരുകളാണ് ചേര്‍ത്തത്.

Content Highlights: sub-castes among Muslims,Christians-Karnataka Caste Census