ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭാര്യയ്‌ക്കെതിരെ വ്യാജപ്രചാരണം; കടുത്തനടപടിയുണ്ടാകുമെന്ന് ബംഗാൾ പോലീസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഭാര്യ കല്‍പ്പന ദാസ് ചന്ദ്രചൂഡിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ബംഗാള്‍ പോലീസിന്റെ മുന്നറിയിപ്പ്. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നത് കുറ്റകരമാണ്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നും ബംഗാള്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ആരോഗ്യ വകുപ്പിനെ സ്വാധീനിക്കുന്ന 'ഉത്തര ബംഗാള്‍ ലോബിയു'മായി ചന്ദ്രചൂഡിന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന വാട്‌സാപ്പ് സന്ദേശമാണ് പ്രചരിച്ചത്. ഉത്തര ബംഗാള്‍ ലോബി തലവനെന്ന് അറിയപ്പെടുന്ന ശ്യാമപാദ ദാസുമായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭാര്യയെ ബന്ധപ്പെടുത്തുന്ന പോസ്റ്റാണ് സമൂഹ മാധ്യമത്തില്‍ പ്രചരിച്ചത്. സിലിഗുഡിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയാണ് ഉത്തര ബംഗാള്‍ ലോബി എന്ന് അറിയപ്പെടുന്നത്.
കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് കഴിഞ്ഞ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ അന്ന് ചീഫ് ജസ്റ്റിസിന്റെ അസൗകര്യം കാരണം ഹര്‍ജി പരിഗണനയ്ക്ക് വന്നിരുന്നില്ല. ഈ സമയത്താണ് ചന്ദ്രചൂഡ്‌ന്റെ ഭാര്യയ്‌ക്കെതിരായ വ്യാജ സന്ദേശം പ്രചരിച്ചത്. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബംഗാള്‍ പോലീസ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
Content Highlights: strict action against social media post falsely quoting cjis wife says bengal police