ആശുപത്രിയിൽ നിന്ന് സ്വർണം അടങ്ങിയ ബാഗ് ‘അടിച്ചുമാറ്റി’; മോഷ്ടാവായ ‘നായ’യെ കണ്ടെത്തി പോലീസ്

മന്ദ്സൗർ: മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ നടന്ന മോഷണവും അതിന്റെ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ പോലീസും പരാതിക്കാരും ഒന്നമ്പരന്നു. ആശുപത്രി വാർഡിൽ കയറിയ ഒരു തെരുവുനായയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ ‘മോഷ്ടാവിനെ’ കണ്ടെത്താൻ കഴിഞ്ഞത്.
ഓഗസ്റ്റ് 24-നാണ് സംഭവം നടന്നത്. ചികിത്സയിൽ കഴിയുന്ന തന്റെ മകന് കൂട്ടിരിക്കാനെത്തിയ യുവതിയുടെ ബാഗാണ് കാണാതായത്. ആശുപത്രിയിലെ സർജിക്കൽ വാർഡിൽ താൻ ഉറങ്ങുന്നതിനിടെ ആരോ ബാഗ് മോഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളും രണ്ടായിരം രൂപയും ഭക്ഷണസാധനങ്ങളുമാണ് ബാഗിൽ ഉണ്ടായിരുന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഒരു തെരുവുനായ ആശുപത്രിയുടെ സർജിക്കൽ വാർഡിലേക്ക് കടന്നുവരുന്നതും ബെഡിന് സമീപമിരുന്ന ബാഗ് കടിച്ചെടുത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് ആശുപത്രിക്ക് ചുറ്റുമുള്ള മറ്റ് സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് പോലീസ് നായയെ കണ്ടെത്തുകയും ഒടുവിൽ നഷ്ടപ്പെട്ട ആഭരണങ്ങളും മറ്റ് സാധനങ്ങളും അടങ്ങിയ ബാഗ് കണ്ടെടുക്കുകയും ചെയ്തു. ബാഗിനുള്ളിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളുടെ മണമായിരിക്കാം നായയെ ആകർഷിച്ചതെന്നാണ് പോലീസ് കരുതുന്നത്.
🚨 STRAY DOG TURNS THIEF IN MANDSAUR!
A stray dog was caught on CCTV carrying away a bag containing jewellery worth ₹4 lakh and nearly ₹2,000 cash from Mandsaur District Hospital.
Police traced its route and recovered everything. The belongings were later returned to the… pic.twitter.com/MjYAzeQfCH— Ghar Ke Kalesh (@gharkekalesh) August 25, 2026
സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ‘ഈ ഡോഗേഷ് ഭായിയെ ഉടനടി അറസ്റ്റ് ചെയ്യണം’ എന്നും ‘നായ ആശുപത്രിയിലെ സുരക്ഷാ സംവിധാനം പരിശോധിക്കുകയായിരുന്നു’ എന്നുമൊക്കെയാണ് ആളുകളുടെ കമന്റുകൾ. അതേസമയം, ആശുപത്രി ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽനിന്ന് തെരുവുമൃഗങ്ങളെ നീക്കം ചെയ്യണമെന്ന 2026-ലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ, എങ്ങനെയാണ് ഒരു നായ ആശുപത്രി വാർഡിനുള്ളിൽ കയറിയതെന്ന ആശങ്കയും ആളുകൾ പങ്കുവെക്കുന്നുണ്ട്.
Content Highlights: A stray dog entered a surgical ward in a Mandsaur district hospital and stole a bag containing gold and silver worth Rs 4 lakh., CCTV footage confirmed the dog took the bag, which also contained Rs 2,000 cash and food items., Police successfully tracked the dog and recovered the bag intact., The incident sparked viral social media reactions and raised serious concerns over hospital security and stray animal menace.