സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് സര്‍വകലാശാലകളുടെ ചാന്സലറുമാകാം - എം.കെ. സ്റ്റാലിന്

ചെന്നൈ: ഗവര്‍ണര്‍ക്കെതിരായ പുതിയ നീക്കത്തിന്റെ സൂചന നല്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് സര്‍വകലാശാലകളുടെ ചാന്‍സലറാകാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഡോ. ജയലളിത മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ് മുഖ്യമന്ത്രി.
'സംഗീതത്തിന് വേണ്ടി രൂപീകരിച്ച ഇന്ത്യയിലെ ഏക സര്‍വകലാശാലയാണ് ഇതെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. ഈ സര്‍വകലാശാലയ്ക്ക് ധനസഹായം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ സര്‍വകലാശാലയുടെ ചാന്‍സലറാകാനുള്ള അവകാശമുണ്ട്. ഞാന്‍ രാഷ്ട്രീയം പറയുകയല്ല, യാഥാര്‍ത്ഥ്യം വിശദീകരിച്ചതാണ്. ഈ സര്‍വകലാശാലയിലെ പോലെ മറ്റെല്ലാ സര്‍വകലാശാലകളിലും മുഖ്യമന്ത്രിയാണ് ചാന്‍സലറെങ്കില്‍ മാത്രമേ സര്‍വകലാശാലകളില്‍ വികസനമുണ്ടാകൂ.' -സ്റ്റാലിന് പറഞ്ഞു.
'ചാന്‍സലര്‍ പദവി മറ്റുള്ളവരുടെ കൈകളിലാണെങ്കില്‍ സര്‍വകലാശാലകളുടെ ലക്ഷ്യം ഇല്ലാതാകും. ഇത് തിരിച്ചറിഞ്ഞാണ് ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കണമെന്ന് 2013-ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിത തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്നത്തെ സാഹചര്യം അന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചതില്‍ ജയലളിതയെ ഞാന്‍ പ്രത്യേകമായി അഭിന്ദിക്കുന്നു.' -സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പോര് സുപ്രീം കോടതിയില്‍ എത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കത്തിന്റെ സൂചനയെന്നോണമുള്ള സ്റ്റാലിന്റെ പ്രസ്താവന വരുന്നത്. ഭാരതീയാര്‍ യൂണിവേഴ്സിറ്റി, തമിഴ്നാട് ടീച്ചേഴ്സ് എഡ്യുക്കേഷന്‍ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിലെ തര്‍ക്കത്തിനൊടുവിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഈ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നതിലെ ഗവര്‍ണറുടെ നടപടികള്‍ സംസ്ഥാന നിയമത്തിന് വിരുദ്ധമാണെന്നാണ് തമിഴ്നാട് സര്‍ക്കാറിന്റെ വാദം.
കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ സര്‍വകലാശാലാ ചാന്‍സലറാക്കാനുള്ള നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഓര്‍ഡിനന്‍സിലൂടെയും നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചുമാണ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ കേരളം തീരുമാനിച്ചത്. എന്നാല്‍ ഡിസംബറില്‍ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇത് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
Content Highlights: State chief minister can be Chancellor of Universities, says Tamil Nadu CM MK Stalin.