അദാനി വിഷയത്തില്‍ ലോക്‌സഭയില്‍ ബഹളം; കൈക്കൂലിക്കാര്യം കുറ്റപത്രത്തിലില്ലെന്ന്‌ മുകുള്‍ റോഹ്ത്തഗി

ഗൗതം അദാനി, രാഹുല്‍ ഗാന്ധി
ഗൗതം അദാനി, രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  അദാനി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. അദാനിയെ ഭരണകൂടം സംരക്ഷിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവെച്ചു. 

അദാനി യു.എസ്സിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണത്തിന് പിന്നാലെയാണ് പ്രതിപക്ഷം ലോക്‌സഭ സ്തംഭിപ്പിച്ചത്. അദാനി വിഷയത്തിനുപുറമേ സംഭാല്‍ വിഷയവും മണിപ്പൂര്‍ കലാപവും അടിയന്തര വിഷയങ്ങളായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. 

ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ച ലോകസഭയില്‍ അരങ്ങേറിയ ബഹളങ്ങള്‍. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യയില്‍ അദാനിയെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും വിമര്‍ശിച്ചു.

'അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവന്‍ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ്.'- അദാനി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് രാഹുല്‍ഗാന്ധി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.

അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അദാനിക്കു പിന്നില്‍ വലിയ കണ്ണികളാണുള്ളതെന്നും സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണെന്നും അദാനി ഉള്‍പ്പെട്ട അഴിമതി കേസില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.

ഗൗതം അദാനിയും സാഗര്‍ അദാനിയും കൈക്കൂലി നല്‍കിയതായി അമേരിക്കന്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല എന്നാണ് അദാനി ഗ്രൂപ്പിനെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പ്രതികരിച്ചത്. അദാനി ഗ്രൂപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് പരാമര്‍ശമെന്നും ആര്‍ക്ക് കൈക്കൂലി നല്‍കിയെന്നത് വ്യക്തമല്ലെന്നും റോഹ്ത്തഗി പ്രതികരിച്ചു.

Content Highlights: stalling the lok sabha on ddani issue mukul rothagi gave clean chit to gautam adani