‘ലക്ഷ്യം വിജയം, ഒത്തുതീർപ്പുകൾക്ക് തയ്യാർ’; കോൺഗ്രസ്-എസ്പി സീറ്റ് വിഭജന ചർച്ച പുരോഗമിക്കവേ അഖിലേഷ്

ലഖ്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സമാജ്വാദി പാർട്ടിയുടെ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പു വിജയമാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ വിജയസാധ്യത വിലയിരുത്തുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന മുതിർന്ന നേതാക്കൾ അതിനായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമതീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
എസ്പി വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. മുന്നിലുള്ള പോരാട്ടം നിർണായകമായതിനാൽ, ഒത്തുതീർപ്പുകൾക്കും പൊരുത്തപ്പെട്ടുപോകാനും സമാജ്വാദി പാർട്ടി സന്നദ്ധമാണ്. വിജയമാണ് ലക്ഷ്യമെങ്കിൽ, നമുക്ക് വിജയിച്ചേ മതിയാകൂ. പ്രത്യേകിച്ച് ബിജെപിയെപ്പോലെ ശക്തമായ ഒരു രാഷ്ട്രീയ സംവിധാനത്തെ നേരിടുമ്പോൾ അതിനനുസരിച്ച് തയ്യാറെടുക്കുകയും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുകയും വേണം, അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെയും എസ്പിയിലേയും മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സീറ്റ് വിഭജന ചർച്ച രണ്ടാംദിവസവും തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വീട്ടിലാണ് ചർച്ച നടക്കുന്നത്. നിയമസഭാകക്ഷി നേതാവ് വീരേന്ദ്ര ചൗധരി, സംസ്ഥാന അധ്യക്ഷ ആരാധന മിശ്ര മോന, യുപിയുടെ ചുമതല വഹിക്കുന്ന രാജേന്ദ്ര പാൽ ഗൗതം എന്നിവരാണ് കോൺഗ്രസിൽനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്. രാം ഗോപാൽ യാദവ്, സംസ്ഥാന അധ്യക്ഷൻ ശ്യാം ലാൽ പാൽ, എംപിമാരായ രാജീവ് റായ്, ഇഖ്റ ഹസ്സൻ എന്നിവരാണ് എസ്പിയിൽനിന്ന് പങ്കെടുക്കുന്നത്.
Content Highlights: Akhilesh Yadav confirms seat-sharing discussions are ongoing between Congress and SP., The primary goal of the alliance is to secure victory in the upcoming Uttar Pradesh elections., SP is willing to make compromises and adjustments to defeat BJP., Senior leaders from both parties are actively participating in the second day of negotiations.