168 വര്‍ഷം പിന്നിട്ട് ദക്ഷിണേന്ത്യയിലെ ആദ്യ പാസഞ്ചര്‍ തീവണ്ടിയാത്ര

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ആദ്യ പാസഞ്ചര്‍ തീവണ്ടിയാത്ര ആരംഭിച്ചിട്ട് തിങ്കളാഴ്ചത്തേക്ക് 168 വര്‍ഷം പിന്നിടുന്നു. 1856-ല്‍ റോയപുരത്ത് നിന്ന് ജൂലായ് ഒന്നിന് 300 യാത്രക്കാരുമായാണ് വാലജബാദിലേക്ക് സര്‍വീസ് ആരംഭിച്ചത്. മൂന്ന് മണിക്കൂര്‍ സമയമെടുത്ത് തീവണ്ടി റോയപുരത്തുനിന്ന് വാലജബാദിലെത്തി. റോയപുരം റെയില്‍വേ സ്റ്റേഷന്‍ 1856 ജൂണ്‍ 28-ന് മദ്രാസ് ഗവര്‍ണറായിരുന്ന ജോര്‍ജ് ഫ്രാന്‍സിസ് റോബര്‍ട്ട് ഹാരീസാണ് ഉദ്ഘാടനംചെയ്തത്.
റോയപുരം സ്റ്റേഷനില്‍നിന്ന് വാലജബാദിലേക്ക് സര്‍വീസ് ആരംഭിച്ചതിനുശേഷം ദക്ഷിണ റെയില്‍വേയില്‍ പുതിയ റെയില്‍വേ റൂട്ടുകളുടെ നിര്‍മാണം അതിവേഗം നടന്നു. 1856-ല്‍ റോയപുരം റെയില്‍വേ സ്റ്റേഷന് ശേഷം നഗരത്തില്‍ മറ്റൊരു റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 17 വര്‍ഷമെടുത്തു. 1873-ല്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ചു.
വടക്കേ ഇന്ത്യയിലേക്കുള്ള തീവണ്ടികള്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സര്‍വീസ് ആരംഭിച്ചു. തെക്കന്‍ ഭാഗത്തുള്ള തീവണ്ടിസര്‍വീസുകള്‍ റോയപുരത്തുനിന്ന് സര്‍വീസ് തുടരുകയുംചെയ്തു. ചെന്നൈ തുറമുഖം വളര്‍ന്നപ്പോള്‍ ചരക്കുതീവണ്ടികള്‍ റോയപുരം വഴി സര്‍വീസ് നടത്താന്‍ തുടങ്ങി. തുടര്‍ന്ന് ദക്ഷിണ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ എഗ്മോറില്‍നിന്ന് സര്‍വീസ് നടത്താന്‍ തുടങ്ങി. തുടര്‍ന്ന് കുറുക്കുപ്പേട്ടയില്‍നിന്ന് റോയപുരംവരെ ഭാഗം വൈദ്യുതീകരിച്ചു. തുടര്‍ന്ന് ചെന്നൈ ബീച്ചില്‍നിന്ന് ആര്‍ക്കോണത്തേക്കുള്ള സബര്‍ബന്‍ തീവണ്ടികളും ഗുമുഡിപൂണ്ടിയിലേക്കുള്ള സബര്‍ബന്‍ തീവണ്ടികളും മാത്രം റോയപുരം സ്റ്റേഷനില്‍ നിര്‍ത്താന്‍ തുടങ്ങി.
റോയപുരം സ്റ്റേഷന്‍ പരിപാലിക്കുന്നതില്‍ ദക്ഷിണറെയില്‍വേ അധികൃതര്‍ പിന്നോട്ട് പോയി. തുടര്‍ന്ന് ഏറ്റവുംപഴയ റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധരിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. 2005-ല്‍ 35 ലക്ഷം ചെലവില്‍ പുനരുദ്ധരിച്ചു.
Content Highlights: south indias first passenger train service started 168 years back