‘മൻമോഹനെ മാറ്റി, പ്രധാനമന്ത്രി കസേരയിലെത്താൻ പ്രണബ് മുഖർജി ആഗ്രഹിച്ചു, അത് എന്നിൽ ഞെട്ടലുണ്ടാക്കി’-വെളിപ്പെടുത്തി സോണിയ

#ന്യൂസ് ഡെസ്ക്
സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനുമൊപ്പം പ്രണബ് മുഖര്‍ജി (ഫയല്‍ ചിത്രം)|ഫോട്ടോ:PTI
സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിങ്ങിനുമൊപ്പം പ്രണബ് മുഖര്‍ജി (ഫയല്‍ ചിത്രം)|ഫോട്ടോ:PTI

ന്യൂഡൽഹി: 2010-ൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രി പദത്തിൽനിന്ന് സോണിയ ഗാന്ധി ഒഴിഞ്ഞുമാറുകയും മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുക്കുകയും ചെയ്തത് സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മൻമോഹൻ സിങ്ങിന്റെ വരവും സോണിയയുടെ പിൻവാങ്ങലും സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും നേതാക്കളുടെ പ്രതികരണങ്ങളും ഉണ്ടായി. എന്നാൽ ഈ ചർച്ചകളിൽ ഇതുവരെ കടന്നുവരാത്ത പുതിയ വെളിപ്പെടുത്തലാണിപ്പോൾ സോണിയ ഗാന്ധി തന്റെ 'ബിലോഗിങ്: എ ജേർണി ഓഫ് ലൗ'എന്ന ആത്മകഥയിലൂടെ നടത്തിയിരിക്കുന്നത്.

കോൺഗ്രസ് നേതാവും രാഷ്ട്രപതിയും ആയിരുന്ന പ്രണബ് മുഖർജി പാർട്ടി അധ്യക്ഷയായിരുന്ന തന്നോട് 2010-ൽ നടത്തിയ സംഭാഷണത്തിനിടയിൽ പ്രധാനമന്ത്രിയാകാനുള്ള തന്റെ 'ദീർഘകാല ആഗ്രഹം' സൂചിപ്പിച്ചിരുന്നുവെന്നും, 'ഉന്നത തലത്തിൽ ഒരു മാറ്റത്തിന് സമയമായി' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും സോണിയയുടെ ആത്മകഥയിൽ പറയുന്നു.

'മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ സർക്കാരും തന്റെ നേതൃത്വത്തിൽ പാർട്ടിയും സുഗമമായി പ്രവർത്തിച്ചു. ഇവതമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ ഒരു കോർ ഗ്രൂപ്പുണ്ടായിരുന്നു. ആഴ്ചതോറും ഈ കോർ ഗ്രൂപ്പ് യോഗം ചേരും. എഴുപതുകളിൽ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന പ്രണബ് മുഖർജി, രാഷ്ട്രീയ ഉൾക്കാഴ്ചയുള്ള മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി അർജുൻ സിങ്, കേരള മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരായിരുന്നു ഇതിലെ മറ്റ് അംഗങ്ങൾ. പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ച 'സ്ട്രാറ്റജി ഗ്രൂപ്പി'ലെ അംഗങ്ങളെന്ന നിലയിലും ഞങ്ങൾ പതിവായി ഒത്തുചേരുമായിരുന്നു. ഞാൻ എപ്പോഴും വിളിച്ചിരുന്നതുപോലെ, പ്രണബ് ജി, സംസാരിക്കാനായി അൽപനേരം കൂടി അവിടെ നിൽക്കും' സോണിയ പുസ്തകത്തിൽ പറഞ്ഞു.

അദ്ദേഹത്തിന് (പ്രണബ് മുഖർജിക്ക്) ധനമന്ത്രി പി. ചിദംബരവുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു, 2010-ൽ ഒരിക്കൽ, തന്റെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, നേതൃതലത്തിൽ ഒരു മാറ്റം വരുത്തേണ്ട സമയമായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇത് എന്നെ ഞെട്ടിച്ചു. പ്രധാനമന്ത്രിയാകണമെന്ന അദ്ദേഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന്റെ സൂചനയായാണ് ഞാൻ അതിനെ മനസ്സിലാക്കിയത്. ഞാൻ വളരെ സൗമ്യമായി സംസാരവിഷയം മാറ്റി. അദ്ദേഹത്തിന് ഒരുപക്ഷേ നിരാശ തോന്നിയിട്ടുണ്ടാകാമെങ്കിലും, അതുകാരണം എന്നോട് അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തിയുണ്ടെന്ന് ഒരിക്കലും തോന്നിപ്പിച്ചില്ല' സോണിയ തന്റെ പുസ്തകത്തിൽ കുറിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയായ പ്രസിഡന്റ് സ്ഥാനത്തേക്ക് 2012-ൽ യുപിഎ സ്ഥാനാർത്ഥിയായി പ്രണബ് മുഖർജിയെ കോൺഗ്രസ് നാമനിർദ്ദേശം ചെയ്യുകയും, അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തുവെന്നും സോണിയ ചൂണ്ടിക്കാട്ടി.

താൻ പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. എക്കാലവും അഗാധമായ പാണ്ഡിത്യവും അറിവുമുള്ള ഒരു രാഷ്ട്രീയക്കാരനായി നിലകൊണ്ട അദ്ദേഹവുമായി വെറുതെ സംസാരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും സോണിയ പറയുന്നു.

യു.പി.എ ഭരണകാലത്ത് യഥാർത്ഥ അധികാരം കയ്യാളിയിരുന്നത് താനാണെന്ന ആരോപണങ്ങളെ തള്ളിയ സോണിയ പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ചിലർ ബിജെപിയുടെ ആരോപണത്തിന് ആയുധംനൽകിയെന്നും സോണിയ പുസ്തകത്തിൽ കുറിച്ചു.

'വർഷങ്ങളായി ഇതിലും മോശമായ ആരോപണങ്ങൾക്ക് വിധേയയായിട്ടുണ്ടെങ്കിലും, ഞാൻ ഔദ്യോഗിക ഫയലുകൾ പരിശോധിക്കുകയായിരുന്നു എന്ന കെട്ടിച്ചമച്ച കഥയാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. നിയമങ്ങൾ പാലിക്കുന്നതിൽ ഞാൻ എപ്പോഴും കർശനമായിരുന്നു, ഈ കാലയളവിൽ അത് വളരെ കൂടുതലായിരുന്നു' സോണിയ വ്യക്തമാക്കി.

Content Highlights: Sonia Gandhi's memoir 'Belonging: A Journey of Love' reveals new political secrets., Pranab Mukherjee expressed his long-held desire to become Prime Minister in 2010., Sonia Gandhi was shocked by Mukherjee's suggestion for a leadership change., Sonia refutes allegations of wielding actual power during the UPA regime.