ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് സോണിയ; ആദ്യ പോസ്റ്റ് വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച്

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. തന്റെ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റോടെയാണ് തുടക്കം. 'പ്രണയത്തിന്റെയും കടമയുടെയും നഷ്ടത്തിന്റെയും സ്വന്തമായി ഒരിടം കണ്ടെത്തുന്നതിന്റെയും കഥയാണ്' തന്റെ പുസ്തകമെന്ന് അവർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന സോണിയ ഗാന്ധിയുടെ ഈ രംഗത്തേക്കുള്ള ആദ്യ കടന്നുവരവാണിത്. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയായിരുന്നു അവർ പൊതുപ്രസ്താവനകളും മറ്റും ഇറക്കിയിരുന്നത്. മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെ സോണിയ ഗാന്ധി ഫോളോ ചെയ്തിട്ടുണ്ട്.
രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുൻനിര നേതാക്കളെല്ലാം സോണിയയുടെ അക്കൗണ്ട് ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിലെ തന്റെ ആദ്യ പോസ്റ്റിൽ, 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന തന്റെ പുതിയ പുസ്തകത്തിന്റെ കോപ്പികൾ സ്വീകരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണ് സോണിയ ഗാന്ധി പങ്കുവെച്ചത്.
പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതും ഈ അവസരത്തിൽ മകൾ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാം. പുസ്തകത്തിൽ ധാരാളം ചിത്രങ്ങളുണ്ടെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഏറെക്കാലമായി കാത്തിരുന്ന സോണിയ ഗാന്ധിയുടെ ആത്മകഥ നവംബർ 10 ന് പുറത്തിറങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
Content Highlights: Sonia Gandhi officially joined Instagram for the first time., She announced her upcoming memoir titled 'Belonging: A Journey of Love'., The autobiography is scheduled to be released on November 10., She follows Rahul Gandhi, Priyanka Gandhi, and the official Congress account.