‘ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത നേതാക്കളെ നാളേക്കകം വിട്ടയക്കണം, ഇല്ലെങ്കിൽ നിരാഹാരസമരം’; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനെത്തിയതിന്
ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ നാളേക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരമോ പദയാത്രയോ നടത്തുമെന്ന് ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി എന്നിവരുൾപ്പെടെ നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേരെയാണ് ഡൽഹി പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സോനം വാങ്ചുക് ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.
രാജ്യം 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യിലൂടെയാണ് കടന്നുപോകുന്നതെന്ന് വാങ്ചുക് ആരോപിച്ചു. ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഐക്യവും സമാധാനവും ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് വെള്ളിയാഴ്ച സന്ദേശം പങ്കുവെച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധത്തിന് വാങ്ചുക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ഡൽഹിയിലെ സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
Also Read: 'RSS-BJP ഗുണ്ടകൾ പ്രതിഷേധിച്ച പെൺകുട്ടികളെ ഉൾപ്പെടെ തല്ലിച്ചതച്ചു'; വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്
'പ്രസ്ഥാനത്തെ നയിക്കാൻ നിരവധി നേതാക്കൾ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം കസ്റ്റഡിയിലെടുത്തതായി ഇപ്പോൾ അറിയുന്നു. കസ്റ്റഡിയിലെടുത്ത നേതാക്കളെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയ്ക്കുള്ളിൽ നേതാക്കളെ മോചിപ്പിച്ചില്ലെങ്കിൽ നിരാഹാരസമരമോ പദയാത്രയോ നടത്തുന്ന കാര്യം പരിഗണിക്കേണ്ടിവരും.' -സോനം വാങ്ചുക് പറഞ്ഞു.
വരാനിരിക്കുന്ന ശൈത്യകാലത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതിനാലാണ് പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നായിരുന്നു വാങ്ചുകിന്റെ വിശദീകരണം. ലഡാക്കിലെ ജലസുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്രിമ ഹിമാനികൾ നിർമിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Climate activist Sonam Wangchuk warned he would launch a hunger strike or foot march if leaders and activists detained by Delhi Police during protests demanding CEC Gyanesh Kumar's resignation are not released by Sunday.