ഒക്ടോബർ രണ്ടിലെ സിജെപി പ്രക്ഷോഭത്തെ പിന്തുണയ്ക്കും, നേരിട്ട് പങ്കെടുത്തേക്കില്ല- സോനം വാങ്ചുക്

#ന്യൂസ് ഡെസ്‌ക്
സോനം വാങ്ചുക് | Photo: ANI
സോനം വാങ്ചുക് | Photo: ANI

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടാംതീയതി മുതൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തെ പിന്തുണച്ച് സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക്.

രാജ്യത്തും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഉത്തരവാദിത്വം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് സോനം പറഞ്ഞു. അതേസമയം, പ്രക്ഷോഭത്തിൽ നേരിട്ട്  പങ്കെടുത്തേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ജനാധിപത്യരാജ്യത്തിന് ഏറ്റവും അനിവാര്യമായ കാര്യങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെന്നും അത് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും സോനം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ തകർന്നാൽ പിന്നെ ജനാധിപത്യത്തിൽ എന്താണ് ബാക്കിയുള്ളതെന്ന് ചോദിച്ച അദ്ദേഹം, സർക്കാരുകൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു. നീതിയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സംഘടനകളെയും പാർട്ടികളെയും ഭരണകക്ഷിയായ ബിജെപിയിൽനിന്നുൾപ്പെടെയുള്ള രാഷ്ട്രീയക്കാരെയും താൻ പിന്തുണയ്ക്കുന്നതായും സോനം പറഞ്ഞു.

എസ്‌ഐആറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിലെ രണ്ടംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്ന വാർത്ത വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനക്കുറിപ്പുകൾ ഔദ്യോഗികമായി നൽകിയിരുന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷവിമർശനമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നേരിടുന്നത്.

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുയാണ് സിജെപി. മുംബൈയിൽ തുടക്കമിടുന്ന പ്രക്ഷോഭം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സിജെപി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി 26 ദിവസം സോനം വാങ്ചുക് നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു.

Content Highlights: Social activist Sonam Wangchuk supports the CJP nationwide protest starting October 2., The protest demands the resignation of Chief Election Commissioner Gyanesh Kumar., Wangchuk emphasized the need for accountability and transparency in India's election process., CJP founder Abhijit Dipke announced the expansion of the protest nationwide starting from Mumbai.