ലഡാക്ക് പ്രക്ഷോഭം, സോനം വാങ്ചുക്കിന് മോചനം, ദേശസുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ പിൻവലിച്ച് കേന്ദ്രം

#സ്വന്തം ലേഖകൻ
സോനം വാങ്ചുക്ക് | Photo: PTI
സോനം വാങ്ചുക്ക് | Photo: PTI

ന്യൂഡൽഹി: കഴിഞ്ഞവർഷം ലഡാക്കിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദേശസുരക്ഷാനിയമപ്രകാരം (എൻ.എസ്.എ.) തടവിലായിരുന്ന പരിസ്ഥിതി, കാലാവസ്ഥാപ്രവർത്തകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ അടിയന്തരപ്രാബല്യത്തോടെ പിൻവലിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ച രാവിലെ ഉത്തരവിറക്കി. പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ വാങ്ചുക്ക് രാജസ്ഥാനിലെ ജോധ്പുർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി.

ആറുമാസത്തോളമായി തടവിലായിരുന്നു. വാങ്ചുക്കിന്റെ മോചനത്തിനായി ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് തടങ്കൽ പിൻവലിച്ച് കേന്ദ്രത്തിന്റെ ഉത്തരവെത്തിയത്.

കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്നതടക്കം ആവശ്യങ്ങളോടെ ദീർഘനാളായി വാങ്ചുക്കിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ നടക്കുന്നുണ്ട്. 2025 സെപ്റ്റംബറിൽ ലേയിൽനടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചപ്പോഴാണ് ആ മാസം 26-ന് വാങ്ചുക്കിനെ കസ്റ്റഡിയിലാക്കിയത്.

എൻ.എസ്.എ. നിയമപ്രകാരമുള്ള തടങ്കൽ കാലയളവിന്റെ പകുതിയോളം വാങ്ചുക്ക് അനുഭവിച്ചുകഴിഞ്ഞതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലഡാക്കിന് എല്ലാ സംരക്ഷണവും നൽകുമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

സോനം വാങ്ചുക്കിന്റെ മോചനം സ്വാഗതാർഹമാണെങ്കിലും ലഡാക്കിൽ പ്രക്ഷോഭമോ അക്രമമോ അനുവദിക്കാനാവില്ലെന്ന് ലഫ്. ഗവർണർ വിനയ് കുമാർ സക്സേന പ്രതികരിച്ചു. പ്രശ്നങ്ങളും ആശങ്കകളും ചർച്ചകളിലൂടെയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിനോടുള്ള പ്രതിജ്ഞാബദ്ധതയിൽ തരിമ്പും മാറ്റമില്ലെന്നും സുദീർഘമായ ഭാവിക്ക് ആത്മാർഥമായ ചർച്ചകൾ വേണ്ടതാണെന്നും രണ്ടുദിവസംമുൻപ്‌ വാങ്ചുക്ക് എക്സിൽ പോസ്റ്റുചെയ്തിരുന്നു. അവിടെ അനുരഞ്ജനത്തിന്റെ പാതയിലാണ് കേന്ദ്രസർക്കാരെന്നതിന്റെ സൂചനയാണ് വാങ്ചുക്കിന്റെ മോചനം.

നടപടി കേസ് മറ്റന്നാൾ കോടതിയിലെത്താനിരിക്കെ

എൻ.എസ്.എ. പ്രകാരം വാങ്ചുക്കിനെ തടവിലാക്കിയത് ചോദ്യംചെയ്യുന്ന ഭാര്യ ഗീതാഞ്ജലിയുടെ ഹർജിയിൽ പലതവണ സുപ്രീംകോടതി കേന്ദ്രസർക്കാരിനെ ചോദ്യംചെയ്തിരുന്നു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വാങ്ചുക്കിനെ മോചിപ്പിക്കുന്നത് പരിഗണിക്കാൻ ഫെബ്രുവരി ആദ്യം കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, ആരോഗ്യപ്രശ്നങ്ങളില്ലെന്നും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും വാദിച്ച് കേന്ദ്രം മോചനത്തിന് വിസമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കേസെടുത്തപ്പോൾ സോളിസിറ്റർ ജനറലിന്റെ അനാരോഗ്യംമൂലം കേന്ദ്രം അവധി ചോദിച്ചു. അപ്പോൾ, ഇനിയൊരവധി നൽകില്ലെന്ന് കേന്ദ്രത്തിന് അന്ത്യശാസനം നൽകിയാണ് കോടതി ചൊവ്വാഴ്ചത്തേക്ക്‌ കേസ് മാറ്റിയത്.

Content Highlights: Sonam Wangchuk released from Jodhpur Central Jail after six months of detention. Union Home Ministry revoked the National Security Act (NSA) charges. Release occurred just before the Supreme Court was set to hear his wife's plea. Ladakh statehood movement continues to seek constitutional protections. Government signals a shift toward dialogue to resolve the Ladakh crisis.