ലഡാക്ക് സംഘര്‍ഷം; സോനം വാങ് ചുക് അറസ്റ്റില്‍, ദേശീയ സുരക്ഷാ നിയമം ചുമത്തി

ലേ: ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (സെക്‌മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അറസ്റ്റ്. ലേ പോലീസാണ് അറസ്റ്റ് ചെയ്തത്.
സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സോനം വാങ് ചുക് പറഞ്ഞിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരവെ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ വലിയ സംഘര്‍ഷമുണ്ടായത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ഓഫീസുള്‍പ്പെടെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു.
ഒക്ടോബര്‍ ആറിന് ലഡാക്കിന്റെ സംസ്ഥാന പദവിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് സോനം വാങ് ചുക് നിരാഹാര സമരം തുടങ്ങിയത്. ഈ സമരത്തിനിടയില്‍ ഇദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് പിന്നീടുണ്ടായ സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം ഉള്‍പ്പെടെ സൂചിപ്പിച്ച് നടത്തിയ പ്രസംഗമാണ് യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം. സോനം വാങ് ചുക് അറസ്റ്റിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് വിവരം.