'വീഡിയോയിൽ ആളെ കണ്ടു'; UP നിയമസഭയ്ക്കുള്ളിൽ പാൻമസാല ചവച്ചുതുപ്പി MLA-മാർ; മുന്നറിയിപ്പുമായി സ്പീക്കർ

ഉത്തര്‍ പ്രദേശ് നിയമസഭയ്ക്കുള്ളില്‍ പാന്‍മസാല ചവച്ചുതുപ്പിയതിന്റെ ദൃശ്യം, സ്പീക്കര്‍ സതീഷ് മഹാന | Photo: screengrab from ani video, ANI
ഉത്തര്‍ പ്രദേശ് നിയമസഭയ്ക്കുള്ളില്‍ പാന്‍മസാല ചവച്ചുതുപ്പിയതിന്റെ ദൃശ്യം, സ്പീക്കര്‍ സതീഷ് മഹാന | Photo: screengrab from ani video, ANI

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭയ്ക്കുള്ളില്‍ ചില അംഗങ്ങള്‍ പാന്‍ മസാല ചവച്ചുതുപ്പിയെന്ന് സ്പീക്കര്‍ സതീഷ് മഹാന. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സഭയിലെത്തി അവിടം സ്വന്തംനിലയ്ക്ക് വൃത്തിയാക്കിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച സഭാസമ്മേളനം ആരംഭിക്കുന്നതിന് മുന്‍പാണ് മഹാന ഇക്കാര്യം പറഞ്ഞത്. 

എം.എല്‍.എ. പാന്‍മസാല ചവച്ചുതുപ്പുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞ സ്പീക്കര്‍, പൊതുമധ്യത്തില്‍ അദ്ദേഹം അവഹേളിക്കപ്പെടാതിരിക്കാനാണ് പേര് വെളിപ്പെടുത്താതിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ വിധാന്‍ സഭ ഹാളിനുള്ളില്‍ ചില അംഗങ്ങള്‍ പാന്‍മസാല ചവച്ചുതുപ്പിയെന്ന വിവരം ഇന്ന് രാവിലെയാണ് എനിക്ക് ലഭിച്ചത്. ഞാന്‍ ഇവിടെ എത്തി വൃത്തിയാക്കിച്ചു. വീഡിയോയില്‍ ഞാന്‍ ആ എം.എല്‍.എയെ കണ്ടു. എന്നാല്‍, ഒരു വ്യക്തിയെയും അവഹേളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആരുടെയും പേര് പറയുന്നില്ല.

ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നപക്ഷം അവരെ തടയണമെന്ന് ഞാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ഥിക്കുകയാണ്. അസംബ്ലി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആരോപണവിധേയനായ എം.എല്‍.എ. സ്വന്തംനിലയ്ക്ക് മുന്നോട്ടുവന്ന് അങ്ങനെ ചെയ്തുവെന്ന കാര്യം സമ്മതിക്കുന്നത് നല്ല കാര്യമാണ്. അല്ലാത്തപക്ഷം ഞാന്‍ അവരെ വിളിപ്പിക്കും, സ്പീക്കര്‍ പറഞ്ഞു.

Content Highlights: some members spitting in assembly after consuming pan masala says uttar pradesh speaker