എപ്പോഴും 'പ്ലാൻ ബി'ക്ക് പുറമേ 'പ്ലാൻ സി' കൂടി മനസ്സിൽ കരുതുന്ന വ്യക്തി; സ്മിത് മച്ചാറിന്റെ ധീരതയെക്കുറിച്ച് സഹപ്രവർത്തകൻ

#ന്യൂസ് ഡെസ്ക്
ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ | Photo : Israel's Foreign Ministry / AFP
ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ | Photo : Israel's Foreign Ministry / AFP

അഹമ്മദാബാദ്: ഫ്ലൈ ദുബായ് വിമാനത്തിൽവെച്ച് സഹപൈലറ്റിന്റെ ക്രൂരമായ കുത്തേറ്റ നിലയിലും അസാമാന്യ ധീരതയോടെ വിമാനവും 174 യാത്രക്കാരെയും രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ സമയോചിതമായ പ്രവർത്തനങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ദീർഘവീക്ഷണവുമാണെന്ന് സഹപ്രവർത്തകൻ ക്യാപ്റ്റൻ ധവാൽ പട്ടേൽ പറഞ്ഞു. കോക്പിറ്റിൽ എപ്പോഴും 'പ്ലാൻ ബി'ക്ക് പുറമേ ‘പ്ലാൻ സി’ കൂടി മനസ്സിൽകരുതുന്ന വ്യക്തിയാണ് സ്മിത്തെന്ന് എൻ.ഡി.ടി.വി.യോട് സംസാരിക്കവെ ധവാൽ പട്ടേൽ പറഞ്ഞു.

ന്യൂസീലൻഡിലെ 'മെയിൻലാൻഡ് എയർ' എന്ന ഫ്ലൈറ്റ് ട്രെയിനിങ് കമ്പനിയിലാണ് ധവാൽ പട്ടേലും സ്മിത് മച്ചാറും ഒരുമിച്ച് പരിശീലനം നേടിയിരുന്നത്. അന്നേ ഏറെ കഴിവുള്ള പൈലറ്റായിരുന്നു സ്മിത്തെന്നും മുൻപ് പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന മികച്ച ഒരു ട്രെയിനറായിരുന്നു അദ്ദേഹമെന്നും പട്ടേൽ ഓർത്തെടുത്തു.

ചെറുപ്പത്തിൽത്തന്നെ സ്പൈസ്ജെറ്റിൽ ഫസ്റ്റ് ഓഫീസറായി കരിയർ ആരംഭിച്ച സ്മിത്, തന്റെ കഴിവുകൾകൊണ്ട് ക്യാപ്റ്റനായും തുടർന്ന് മറ്റ് പൈലറ്റുമാർക്കും കോ-പൈലറ്റുമാർക്കും ഭാവി ക്യാപ്റ്റന്മാർക്കും പരിശീലനം നൽകുന്ന ട്രെയിനറായും ഉയർന്നു. പറക്കലിനോടുള്ള സമീപനത്തിലും അറിവിലും ഒരു 'ഏസ് പൈലറ്റിന്' തുല്യനായിരുന്നു സ്മിത്തെന്ന് ധവാൽ പട്ടേൽ വ്യക്തമാക്കി.

സ്മിത്തിനൊപ്പം പലതവണ കോക്പിറ്റ് പങ്കുവെച്ചകാര്യവും പട്ടേൽ അനുസ്മരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി കൃത്യമായ തീരുമാനമെടുക്കാനുള്ള സ്മിത്തിന്റെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. പൈലറ്റുമാർക്ക് പൊതുവേ 'പ്ലാൻ ബി' പരിശീലനം ലഭിക്കാറുണ്ടെങ്കിലും സ്മിത്തിന് എപ്പോഴും 'പ്ലാൻ സി' കൂടി മനസ്സിലുണ്ടാകും. വിമാനം അതിവേഗത്തിൽ പറക്കുമ്പോൾ അടുത്ത നിമിഷത്തിൽ എന്തെന്ന് ചിന്തിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദീർഘവീക്ഷണവുമാണ് ആ അത്യാഹിത നിമിഷത്തിൽ ധീരമായ രക്ഷാപ്രവർത്തനമായി മാറിയതെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായുടെ വിമാനത്തിൽ വെച്ചാണ് സ്മിത്തിന് നേരെ സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹപൈലറ്റ് സ്മിത്തിനെ കുത്തിയത്. സഹപൈലറ്റുമായി പോരാടുന്നതിനിടയിലും സ്മിത് കാണിച്ച മനസ്സാന്നിധ്യം അത്യന്തം പ്രശംസനീയമാണെന്ന് പട്ടേൽ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആ അവസ്ഥയിലും സ്വയം സീറ്റ് ബെൽറ്റ് അഴിച്ച്, നടന്ന് വാതിലിനടുത്തേക്ക് ചെന്ന് അത് തുറന്നുകൊടുത്ത സ്മിത്തിന്റെ മനസ്സാന്നിധ്യത്തെ സല്യൂട്ട് ചെയ്യണമെന്ന് പട്ടേൽ പറഞ്ഞു.

Content Highlights: A colleague of Indian pilot Smith Machar highlighted his exceptional preparedness and tactical mindset, noting that he always kept backup plans ready, which proved crucial during the cockpit attack.