സിദ്ദു മൂസേവാല കൊലപാതകം: തയ്യാറെടുപ്പ് നടത്തിയത് അയോധ്യയില്‍; ആയുധങ്ങളെത്തിച്ചത് പാകിസ്താനില്‍നിന്ന്

അമൃത്‌സര്‍: ഗായകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഉത്തര്‍പ്രദേശില്‍നിന്നെന്ന് റിപ്പോര്‍ട്ട്. മൂസേവാലയ്ക്കുനേരെ വെടിയുതിര്‍ത്ത സംഘത്തിലെ നിരവധി പേര്‍ അയോധ്യയിലും ലക്‌നൗവിലും ചുറ്റിത്തിരിഞ്ഞു നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കൊലപ്പെടുത്തുന്നതിന്റെ മുന്‍പെടുത്ത ചിത്രങ്ങളാണ് ഇതെല്ലാം. പാകിസ്താനിൽനിന്നുള്ള ആയുധങ്ങൾ സംഘം ഉപയോഗിച്ചതായും വ്യക്തമായിട്ടുണ്ട്.
ഉന്നതനായ മറ്റൊരു വ്യക്തിയെ കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ മൂസേവാലയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ബിഷ്‌ണോയ് സംഘത്തിലെ സച്ചിന്‍ തപാന്‍ ബിഷ്‌ണോയ്, സച്ചിന്‍ ഭിവാനി, കപില്‍ പണ്ഡിറ്റ് ഉള്‍പ്പെടെയുള്ളവരെ ചിത്രത്തില്‍നിന്ന് കൃത്യമായി മനസ്സിലാക്കാം. അസര്‍ബൈജാനിലായിരുന്ന സച്ചിന്‍ ബിഷ്‌ണോയിയെ ഈ മാസം ആദ്യമാണ് ഇന്ത്യക്ക് കൈമാറിയത്. തുടര്‍ന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുകയും പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത്. ലോറന്‍സുമായി അടുത്ത ബന്ധമാണ് സച്ചിന്‍ ബിഷ്‌ണോയിക്കുള്ളത്. ഇയാള്‍ക്കൊപ്പം കൊലപാതക സംഘം യു.പി.യുടെ പല ഭാഗങ്ങളില്‍ ദിവസങ്ങളോളം ചെലവഴിച്ചിരുന്നതായും വിവരമുണ്ട്. പാകിസ്താനില്‍നിന്നുള്ള ആധുനിക പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള വിദേശ ആയുധങ്ങള്‍ ഇവരുടെ കൈവശമുള്ളതായി ചിത്രങ്ങളില്‍ കാണാം. മൂസേവാലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അയോധ്യയിലെ ഫാം ഹൗസില്‍വെച്ചാണ് ഇവര്‍ ആയോധന മുറകള്‍ പരിശീലിച്ചത്. വികാസ് സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം ഹൗസ്. ബിഷ്‌ണോയ് സംഘത്തിലെ കൂട്ടാളികളെ തിരിച്ചറിയാനായി അന്വേഷണോദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. ഇതിനായി സച്ചിന്‍ തപനെ ഡല്‍ഹി പോലീസ് അയോധ്യയിലെത്തിക്കും.
ബിഷ്‌ണോയുമായും ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാറുമായും ഉറ്റ ചങ്ങാത്തമുള്ള അന്താരാഷ്ട്ര ആയുധ ഇടപാടുകാരനായ ധര്‍മന്‍ജോട്ട് സിങ് കാലോനെ യു.എസില്‍ തടങ്കലില്‍ വെച്ചിരുന്നു. ബ്രാറും ബിഷ്‌ണോയിയും മൂസേവാല കൊലപാതകക്കേസിലെ പ്രതികളാണ്. ബ്രാര്‍ കാനഡയില്‍ ഒളിവിലാണെന്നാണ് കരുതുന്നത്. ബിഷ്‌ണോയ് പഞ്ചാബിലെ ബതിന്ദ സെന്‍ട്രല്‍ ജയിലിലാണ്. മൂസേവാലയെ കൊലപ്പെടുത്തുന്നതിനായി ആയുധങ്ങള്‍ നല്‍കിയതില്‍ കാലോണും കേസിലെ പ്രതിയാണ്.
പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ച് കഴിഞ്ഞവര്‍ഷം മേയ് 29-നാണ് മൂസേവാല വെടിയേറ്റു കൊല്ലപ്പെടുന്നത്. സംസ്ഥാനത്തെ 424 പേര്‍ക്ക് വി.ഐ.പി. പരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Content Highlights: sidhu moose wala murder planned In up, weapons imported from pak