‘രാജ്യസഭയിലേക്കില്ല, എംഎൽഎ ആയി തുടരും; മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത് ഹൈക്കമാൻഡ് നിർദേശം അനുസരിച്ച്’

#ന്യൂസ് ഡെസ്‌ക്
സിദ്ധരാമയ്യ |  ഫോട്ടോ: മാതൃഭൂമി
സിദ്ധരാമയ്യ | ഫോട്ടോ: മാതൃഭൂമി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് പോകാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് പോകുന്നതിന് പകരം ഒരു എംഎൽഎ ആയി കർണാടക രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

''കോൺഗ്രസ് ഹൈക്കമാൻഡ് ഡികെഎസിനെ (ഡി.കെ ശിവകുമാർ) അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. ഞാൻ അതിന് സമ്മതിച്ചു'', വ്യാഴാഴ്ച സ്വന്തം വസതിയിൽ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെ സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് സിദ്ധരാമയ്യ നിരസിച്ചത്. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നതിൽ തനിക്ക് സമ്മതമാണെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച ലോക്ഭവനിലെത്തിയാണ് സിദ്ധരാമയ്യ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവിൽ കുടുംബപരമായ ആവശ്യങ്ങൾക്കായി മധ്യപ്രദേശിലായതിനാൽ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.

സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.

കഴിഞ്ഞ ദിവസം ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയുന്നത്. സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി. രണ്ടരവർഷം പിന്നിടുമ്പോൾ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം പറയുന്നു. ഇതു സംബന്ധിച്ച് ഏറെ നാളായി തർക്കമുണ്ടായിരുന്നു. തുടർന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

Content Highlights: Siddaramaiah officially resigns as Chief Minister of Karnataka., Declined Congress high command's offer for a Rajya Sabha seat., Confirmed intent to continue serving as an MLA., DK Shivakumar set to take over as the new legislative party leader., Transition follows the completion of the three-year power-sharing agreement.