എന്റെ പ്രണയം നഷ്ടപ്പെടുത്തിയത് ജാതിയുടെ വേലിക്കെട്ടുകള്‍, സ്വന്തം പ്രണയ കഥ പറഞ്ഞ് സിദ്ധരാമയ്യ

ബെംഗളൂരു: വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എനിക്കുമൊരു പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുമാഗ്രഹിച്ചു. പക്ഷെ ജാതിയുടെ വേലിക്കെട്ടുകള്‍ ആ പ്രണയത്തെ നഷ്ടപ്പെടുത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പഠനകാലത്തെ പ്രണയകഥ പറഞ്ഞപ്പോള്‍ സദ്ദസ്സിലാകെ കരഘോഷം. നഷ്ടപ്രണയത്തെ ഒരിക്കല്‍ കൂടെ ഓര്‍ത്തെടുത്തപ്പോള്‍ സിദ്ധരാമയ്യ ഒരുവേള ആ പഴയ കൗമാരക്കാരനായി.
മൈസൂരുവില്‍ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു സിദ്ധരാമയ്യ തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയം വിവാഹത്തിലേക്കെത്തണമെന്നാഗ്രഹിച്ചതോടെ ജാതിയുടെ പേര് പറഞ്ഞ് അവളുടെ കുടുംബം തടസ്സം നില്‍ക്കുകയായിരുന്നു. പിന്നെ എനിക്ക് മറ്റൊരു വഴിയില്ലാതായി. എന്റെ ജാതിയില്‍ നിന്നു തന്നെ വിവാഹം കഴിക്കേണ്ടി വന്നു- സിദ്ധരാമയ്യ പറഞ്ഞു.
മിശ്രവിവാഹം തിരഞ്ഞെടുക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ഇത്തരക്കാര്‍ക്ക് തന്റെ സര്‍ക്കാര്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നല്കി.
ജാതീയത മാറ്റിയെടുക്കാന്‍ രണ്ട് വഴിയാണുള്ളത്. ഒന്ന് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുക. മറ്റൊന്ന് ജാതികള്‍ക്കുള്ളിലെ സാമൂഹിക സാമ്പത്തിക ഉന്നമനം. സാമൂഹിക സാമ്പത്തിക ഉന്നമനം നടക്കാതെ സാമൂഹിക സമത്വം നടപ്പാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
Content Highlights: Siddaramaiah fell in love, but caste got in the way